നല്ല നാടന്‍ കപ്പ, കാച്ചില്‍, മീന്‍ കറി, കക്ക വരട്ടിയത്... കേള്‍ക്കുമ്പോള്‍ തന്നെ നാക്കില്‍ വെള്ളമൂറുന്നുണ്ട് അല്ലേ? ഈ ലോക്ഡൗണ്‍ കാലത്ത് ഇത്തരം വിഭവങ്ങളൊക്കെ എവിടെ  കിട്ടാനാണ് എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്തായാലും ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ ഇവയെല്ലാം നല്ല ന്യായവിലക്ക്, കിടിലന്‍ രുചിയോടെ കിട്ടാനുണ്ട്. 

ആകെ വേണ്ടത് 'കഞ്ഞിക്കുഴി വനിതാ കൂട്ടായ്മ'യുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഒരംഗത്വം. ഓരോ ദിവസവും ഇവര്‍ തയ്യാറാക്കുന്ന വിവിധ വിഭവങ്ങളുടെ വിശദാംശങ്ങള്‍ ഈ ഗ്രൂപ്പില്‍ വരും. ആവശ്യക്കാര്‍ക്ക് ഇത് വില്‍പനാകേന്ദ്രത്തിലെത്തി വാങ്ങാം. 

കഞ്ഞിക്കുഴി സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്'ലെ വനിതാ അംഗങ്ങളുടേതാണ് വ്യത്യസ്തമായ ഈ സംരംഭം. ലോക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ചതോടെയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ നാടന്‍ വിഭവങ്ങളുടെ കച്ചവടം എന്ന ആശയത്തിലേക്ക് ഇവരെത്തിയത്. എന്തായാലും സംഭവം നല്ല കലക്കനായി വിജയം കണ്ടിരിക്കുകയാണ്. 

'ഈ സംരംഭം തുടങ്ങിയപ്പോള്‍ തന്നെ ധാരാളം ആളുകള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടെന്ന് മനസിലായി. ആ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് ഞങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നത്...'- കൂട്ടായ്മയിലെ അംഗം പറയുന്നു. 

140 അംഗങ്ങളാണ് ആകെ ഈ കൂട്ടായമയിലുള്ളത്. ഇവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ദിവസവും വൈകുന്നേരമാകുമ്പോഴേക്ക് അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ തയ്യാറാക്കിയ വിഭവങ്ങളുമായി ഒത്തുചേരും. വൃത്തിയോടെയും സുരക്ഷിതത്വത്തോടെയും അത് ആവശ്യക്കാര്‍ക്ക് നല്‍കും. ലോക്ഡൗണ്‍ നീണ്ടുപോകാനിടയായാല്‍ ഈ വില്‍പന ഓണ്‍ലൈനിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

സ്ത്രീകളുടെ പങ്കാളിത്തത്തോടെ പ്രാദേശികമായി നടപ്പിലാക്കാവുന്ന സംരംഭങ്ങള്‍ക്ക് ഉത്തമ ഉദാഹരണം കൂടിയാവുകയാണ് ഇത്. 

Also Read:- ബിരിയാണിയിൽ ചിക്കന് പകരം ചക്ക; കൊറോണ കാലത്തെ ഭക്ഷണപരീക്ഷണങ്ങൾ...

വീഡിയോ കാണാം...