കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

തണുപ്പുകാലത്ത് ശരീരത്തിന് പ്രതിരോധശേഷി (Immunity) വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ നാം നല്ല രീതിയില്‍ ഭക്ഷണം (food) കഴിക്കാന്‍ ശ്രമിക്കും. എന്നാല്‍ പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് അമിതവണ്ണത്തിന് (over weight) കാരണമാകും. പ്രത്യേകിച്ച് ഈ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയില്‍ പലരുടെയും വണ്ണം കൂടിയിട്ടുണ്ടാകും.

വണ്ണം കുറയ്ക്കാനായി (to lose weight) കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ക്യാരറ്റ് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. 100 മില്ലിലിറ്റര്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ക്യാരറ്റ് ജ്യൂസ് കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും നല്ലതാണ്. 

രണ്ട്...

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. 

മൂന്ന്...

ഇഞ്ചി ചായയും ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. തണുപ്പുകാലത്ത് കുടിക്കേണ്ട ഒന്നാണ് ഇഞ്ചി ചായ. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

നാല്...

നാരങ്ങാ വെള്ളവും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കുടിക്കാം. ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. നാരങ്ങയോടൊപ്പം തേനും ഇഞ്ചിയും കൂടി ചേര്‍ക്കുന്നതും നല്ലതാണ്. 

അഞ്ച്...

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

Also Read: ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്...