ലോക്ഡൗണ്‍ ആയതോടെ മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അധികവും വീട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളുമൊക്കെ തന്നെയാണ് താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. പലരും കാര്യമായ പാചക പരീക്ഷണങ്ങള്‍ ആദ്യമായി നടത്തുന്നത് തന്നെ ലോക്ഡൗണ്‍ കാലത്താണ്. 

ഇക്കൂട്ടത്തിലിതാ ഏറ്റവും ഒടുവിലായി ബോളിവുഡ് താരം മാധുരി ദീക്ഷിത് പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലേക്ക് നടത്തിയ യാത്രയ്ക്കിടെ കിട്ടിയ ഒരു പാചക ക്ലാസിനെ കുറിച്ചാണ് മാധുരിയുടെ ഇന്‍സ്റ്റ പോസ്റ്റ്. 

ഭര്‍ത്താവ് ശ്രീറാം നെനെയ്ക്കും മകനുമൊപ്പം പാചക ക്ലാസിനിടെ എടുത്ത ചിത്രമാണ് മാധുരി പങ്കുവച്ചിരിക്കുന്നത്. മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന വിവിധ വിഭവങ്ങളും പച്ചക്കറികളും മറ്റും ചിത്രത്തില്‍ കാണാം. അന്ന് പാചക ക്ലാസിന് പോയത് ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് പ്രയോജനപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

ഇതിനൊപ്പം തന്നെ ആരാധകര്‍ക്കായി ഒരു ചോദ്യവും മാധുരി നീക്കിവച്ചിട്ടുണ്ട്. നിങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വിഭവം ഏതാണ് എന്നാണ് ചോദ്യം. നിരവധി പേരാണ് മാധുരിയുടെ പോസ്റ്റിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും തങ്ങളുടെ ഇഷ്ടവിഭവത്തിന്റെ പേരും താരത്തിനായി പങ്കുവച്ചിട്ടുണ്ട്.

Also Read:- മനസ് കഴിഞ്ഞ വർഷത്തെ യാത്രകളിലേക്കെന്ന് മാധുരി, തിരിച്ചുവരൂവെന്ന് കരീന കപൂര്‍...