ബോളിവുഡില്‍ ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടിയാണ് മലൈക അറോറ. എപ്പോഴും തന്‍റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ കൊറോണ കാലത്ത് തന്‍റെ പ്രതിരോധശേഷിയുടെ രഹസ്യവും 46കാരിയായ മലൈക വെളിപ്പെടുത്തിയിരുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശീലമാക്കിയിട്ടുള്ള പാനീയത്തെ കുറിച്ചാണ് മലൈക ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് പറഞ്ഞത്. 

ഇപ്പോഴിതാ വീണ്ടും മറ്റൊരു ടിപ്പുമായി എത്തിയിരിക്കുകയാണ് താരം. ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്ന ഒരു പാനീയത്തെക്കുറിച്ചാണ്  ഇത്തവണ മലൈക പറയുന്നത്. ചിലര്‍ക്ക് എന്ത് കഴിച്ചാലും ദഹനപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടേയിരിക്കും. ഇത്തരം ദഹനപ്രശ്‌നങ്ങള്‍ ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും.

കഴിക്കുന്ന ചില ഭക്ഷണം കാരണമോ കൂടുതല്‍ കഴിക്കുന്നത് കൊണ്ടോ ആണ് ഇത്തരം ദഹനപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് മലൈക പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ താന്‍ സ്ഥിരമായി കുടിക്കുന്ന പാനീയമാണിതെന്നും താരം പറയുന്നു.  അടുക്കളകളില്‍ എപ്പോഴും കാണുന്ന ഉലുവയും ജീരകയും കൊണ്ടാണ് ഈ പാനീയം ഉണ്ടാക്കുന്നത്. 

ഒരു ടീസ്പൂണ്‍ വീതം ജീരകവും ഉലുവയുമെടുത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ജീരകവും ഉലുവയും അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാം. ഇത് ദഹനം മൂലമുള്ള പ്രശ്നങ്ങളെ അകറ്റുമെന്നും മലൈക പറയുന്നു. പ്രമേഹരോഗികള്‍ക്കും ഈ പാനീയം കുടിക്കാവുന്നതാണെന്നും മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
 

 

Also Read: 'പ്രതിരോധശേഷിയുടെ രഹസ്യം ഈ പാനീയം' ; റെസിപ്പി പങ്കുവച്ച് മലൈക അറോറ...