ഓണം മലയാളികളുടെ ഏറ്റവും വലിയ ആഘോഷം തന്നെയാണ്. പൂക്കളമിടുന്നതും പുത്തനുടുപ്പണിയുന്നതുമെല്ലാം സന്തോഷങ്ങളുടെ ചേരുവകളാണെങ്കിലും സദ്യ തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. 

സാമ്പാറ്, അവിയല്‍, പുളിശ്ശേരി, കാളന്‍, ഓലന്‍, കൂട്ടുകറി എന്നുതുടങ്ങി കറികളുടെ നീണ്ട നിരയാണ് സദ്യവട്ടത്തില്‍ ഉണ്ടാകാറ്. ഏറ്റവും ഒടുവില്‍ കൊതിപ്പിക്കുന്ന മധുരം പകര്‍ന്ന് പായസവും. വ്യത്യസ്തമായ ഈ ഭക്ഷണരീതി കൊണ്ട് മാത്രം ഓണത്തിനോട് ഇഷ്ടം കാണിക്കുന്ന, മലയാളികളല്ലാത്ത ഒരുപാട് പേരുണ്ട്. 

ദക്ഷിണേന്ത്യക്കാരും വടക്കേ ഇന്ത്യക്കാരുമെല്ലാം ഒരുപോലെ ഇതിലുള്‍പ്പെടും. ഒരേയൊരു മാനദണ്ഡമേ ഇക്കാര്യത്തിലുള്ളൂ. ഭക്ഷണപ്രേമി ആയിരിക്കണം. അത്ര തന്നെ. തികഞ്ഞ 'ഫൂഡി' ആയ ആര്‍ക്കും സദ്യയെ ആസ്വദിക്കാം എന്നതാണ് സത്യം. 

അത്തരത്തിലൊരു ഭക്ഷണപ്രേമിയാണ് ബോളിവുഡ് താരമായ മലൈക അറോറ. ഫിറ്റ്‌നസ് പ്രിയയയാണെങ്കിലും തനിക്ക് ഭക്ഷണത്തോടുള്ള ഇഷ്ടവും ആവേശവുമെല്ലാം മലൈക എപ്പോഴും തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമാണ് മലൈക ഇന്‍സ്റ്റ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. വിഭവങ്ങളുടെ പേരുകള്‍ കൃത്യമായി എണ്ണിപ്പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. 

 

 

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം അച്ഛന്റേയും അമ്മയുടേയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണെന്നും തങ്ങള്‍ക്കായി സദ്യയൊരുക്കിത്തന്നത് അമ്മ ജോയ്‌സിയാണെന്നും മലൈക പറയുന്നു.

Also Read:- കരിക്ക് കൊണ്ട് പായസം ഉണ്ടാക്കിയാലോ...