ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ചിത്രത്തിലുള്ളത്. ഇതില്‍ ചത്ത പാറ്റയെയും കാണാം. യാത്രക്കാരന്‍റെ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന ഒരു യാത്രക്കാരന്‍റെ പരാതിയും അതിന് കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവച്ചത്. 

ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ ചത്ത പാറ്റയെയും വ്യക്തമായി കാണാം. ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. വിമാനത്തിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ചും മറ്റും വലിയ ചര്‍ച്ച തന്നെ അവിടെ നടന്നു. യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. 'ഹലോ നികുൽ, ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് അയക്കുക, എങ്കിലെ ഞങ്ങൾക്ക് വിഷയം പരിശോധിക്കാനും എത്രയും വേഗം ഇതില്‍ നടപടി എടുക്കാനും കഴിയൂ, നന്ദി' - എന്നാണ് കമ്പനി കുറിച്ചത്. 

Scroll to load tweet…

അങ്ങനെ അന്വേഷണത്തിന് ശേഷം വീണ്ടും വിസ്താര അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ഞങ്ങള്‍ ഭക്ഷണത്തിന്‍റെ സാംപിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ പാറ്റ ഇല്ലായിരുന്നുവെന്നും അത് വറുത്ത ഇഞ്ചി ആയിരുന്നുവെന്നുമാണ് ഫലം പറയുന്നത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ താങ്കള്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. എന്തായാലും ഈ ട്വീറ്റും ആളുകള്‍ 'എയറില്‍' കയറ്റിയിട്ടുണ്ട്.

Scroll to load tweet…

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...