ലണ്ടനിൽ റെസ്റ്ററന്‍റ് ന‌ടത്തുന്ന ഇന്ത്യക്കാരനായ നിരാജ് ​ഗാന്ധെർ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. 'ചായ്​വാല' എന്ന പേരിൽ റെസ്റ്ററന്‍റ് നടത്തുന്ന നിരാജിന് ബഹിരാകാശത്തേയ്ക്ക് ഇന്ത്യൻ ഭക്ഷണങ്ങള്‍ എത്തിക്കണമെന്നൊരു ആഗ്രഹം. ഏറെനാളത്തെ ആ​ഗ്രഹത്തിന്റെ ഫലമായി നിരാജ് അത് നടപ്പിലാക്കാനും  തീരുമാനിച്ചു. എന്നാല്‍ പിന്നീടുണ്ടായ സംഭവാണ്  ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു സമൂസയും റാപ്പുമാണ് ബഹിരാകാശത്തിലേയ്ക്ക് അയക്കാൻ നിരാജ് തീരുമാനിച്ചത്. അങ്ങനെ സ്നാക്സ് ഒരു ബോക്സിനുള്ളിലാക്കി ബലൂണിൽ കെട്ടി മുകളിലേയ്ക്ക് വിടുകയാണ് നിരാജ് ചെയ്തത്. ബലൂണിന്റെ യാത്ര തിരിച്ചറിയാനായി ​ഗോ പ്രോ ക്യാമറയും ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ വിജയകരമായി പാക്കേജ് ബലൂണിൽ കെട്ടി പറത്തിവിട്ടെങ്കിലും പാതിവഴിയിൽ വച്ച് ജിപിഎസ് പ്രവർത്തനരഹിതമായി. എന്നാല്‍ വൈകാതെ അത് പ്രവർത്തനക്ഷമമാവുകയും തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ഫ്രാൻസിലെ കെയ്ക്സിലെ കാട്ടിനുള്ളിൽ ബലൂൺ ലാൻഡ് ചെയ്തതായി കണ്ടെത്തുകയും ചെയ്തു. 

ശേഷം നിരാജും സുഹൃത്തുക്കളും ബലൂൺ വീണുകിടന്ന സ്ഥലത്തെ സമീപവാസികളെ സമീപിക്കാനുള്ള തിരച്ചിലും തുടങ്ങി. തുടര്‍ന്ന് അലെക്സ് എന്നയാൾ നിരാജിന്റെ സന്ദേശം കാണുകയും പാക്കേജിന്റെ അവസ്ഥ അറിയിക്കാമെന്ന് പറയുകയും ചെയ്തു. 

അങ്ങനെ ജിപിഎസ് ലൊക്കേഷനിലേയ്ക്ക് തിരിച്ച അലക്സ് കാട്ടിനുള്ളിൽ നിന്ന് ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ​ഗോ പ്രോ കണ്ടുകിട്ടിയെങ്കിലും ഭക്ഷണം കാണാനില്ലായിരുന്നു. എന്തായാലും ബഹിരാകാശത്തില്‍ എത്തിയില്ലെങ്കിലും തന്റെ ഭക്ഷണം പുതിയ ഉയരങ്ങളിലേക്കെത്തിയല്ലോ എന്നും അതില്‍ സന്തോഷമുണ്ടെന്നും നിരാജ് പറയുന്നു. 

എന്തായാലും നിരാജിന്‍റെ ഈ അനുഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: 'നല്ല മൂന്ന് രുചികളെ നശിപ്പിച്ചു'; വൈറലായി വീഡിയോ...