ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക...എന്തൊക്കെ വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കളാണ് അടുത്തിടെയായി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ പുതിയൊരു ഫുഡ് കോമ്പോ കൂടി വൈറലാവുകയാണ്.

സമൂസയും വടാപാവും ചോക്ലേറ്റുമാണ് ഇവിടത്തെ കഥാപാത്രങ്ങള്‍. വ്യത്യസ്‌തമായ ഈ മൂന്ന് രുചികള്‍ ഒന്നിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാവ് ബ്രെഡിനു മുകളില്‍ ചോക്ലേറ്റും സമൂസയും നിറച്ചു നല്‍കുകയാണിവിടെ. 

പാവ്‌ബ്രെഡില്‍ ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം മുകളില്‍ സമൂസ വയ്ക്കുന്നു. തുടര്‍ന്ന് വൈറ്റ് ക്രീം കൂടി ചേര്‍ക്കുകയാണ്. 

 

ഗുജറാത്തിലെ സൂറത്തിലെ റെസ്റ്റോറന്റില്‍ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചോക്ലേറ്റ് സമൂസാ പാവിന്റെ വില മുപ്പത്തിയഞ്ച് രൂപയാണ്. പുതിയ വിഭവം പരീക്ഷിച്ചവര്‍ക്കെല്ലാം ഇഷ്ടമായെന്നാണ് റെസ്റ്ററന്റിന്റെ പ്രതികരണം. 

എന്നാല്‍ വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. നല്ല മൂന്ന് രുചികളെ നശിപ്പിച്ചു എന്നാണ് മിക്കയാളുകളുടെയും കമന്‍റ്. 

Also Read: പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രം...