കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പല തരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് നമ്മള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കൈകൾ ഇടയ്ക്കിടെ കഴുകുക, പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. ഭക്ഷണം സുരക്ഷിതമായി ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

വൈറസിനെ പേടിച്ചു പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ പല തവണ കഴുകുന്നവരുണ്ട്. എന്നാല്‍ പ്രഷർ കുക്കറിലെ ആവി കൊണ്ട് പച്ചക്കറി വൃത്തിയാക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

വീഡിയോയില്‍ കാണുന്ന വ്യക്തി  പ്രഷർ കുക്കറിന്‍റെ വിസിൽ മാറ്റി അവിടെ റബ്ബർ പൈപ്പ് വച്ചതിന് ശേഷം ആവി പാത്രങ്ങളിൽ വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് പിടിച്ചാണ് അവ അണുവിമുക്തമാക്കുന്നത്. സുപ്രിയ സഹു എന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 42 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ  വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. 

 

ഇത് അണുവിമുക്തമാക്കുക മാത്രമല്ല, പച്ചക്കറികള്‍ പെട്ടെന്ന് വെന്തും കിട്ടുമെന്നും പലരും കമന്‍റ് ചെയ്തു. അതേസമയം, ഇത് അപകടങ്ങള്‍ ഉണ്ടാക്കാം എന്നാണ് കൂടുതല്‍ പേരും കമന്‍റ്  ചെയ്തത്. പൈപ്പിനുള്ളിലെ മര്‍ദ്ദം തടഞ്ഞുനിര്‍ത്തുന്നത് അപകടമുണ്ടാക്കിയേക്കാം എന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്തായാലും ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം 89000 പേരാണ് കണ്ടത്.
 

Also Read: കൊവിഡ് 19; പച്ചക്കറിയും പഴങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...