Asianet News MalayalamAsianet News Malayalam

മാസ്ക് നാനും കൊവി‍ഡ് കറിയും; നെറ്റി ചുളിക്കേണ്ട; ഈ ഹോട്ടലിൽ വന്നാൽ ഇവ കഴിച്ച് മടങ്ങാം; വ്യത്യസ്തമായ ബോധവത്കരണം

ഫേസ് മാസ്കിന്റെ രൂപത്തിലാണ് നാൻ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ മാതൃകയാണ് കറിക്ക്. 

mask nan with covid curry served in restaurant
Author
Delhi, First Published Aug 2, 2020, 2:28 PM IST

ദില്ലി: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ രീതിയിലുള്ള ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാ​ഗമായി നാനും കറിയും തയ്യാറാക്കിയിരിക്കുകയാണ് ജോധ്പൂരിലെ ഈ റെസ്റ്റോറന്റ്. മാസ്ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയിൽ കറിയും തയ്യാറാക്കി വിളമ്പിയാണ് വ്യത്യസ്തമായ ഈ ബോധവത്കരണം. വേദിക് എന്ന വെജിറ്റേറിയൻ ഹോട്ടലാണ് ഈ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 

ഈ രണ്ട് വിഭവങ്ങളുടെയും ചിത്രമുൾപ്പെടെയാണ് വേദിക് അവരുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ് മാസ്കിന്റെ രൂപത്തിലാണ് നാൻ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ മാതൃകയാണ് കറിക്ക്. കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണമായിട്ടാണ് ഈ വ്യത്യസ്ത വിഭവങ്ങളെന്ന് വേദിക് റസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കി. 

'മാസ്ക് നാനിനൊപ്പം കൊവിഡ് കറി വിളമ്പുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കൊവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവർ എന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.' വേദിക് അവരുടെ ട്വിറ്റർ കുറിപ്പിൽ പറയുന്നു.  കൊവിഡ് കറി, മാസ്ക് നാൻ എന്നീ ഹാഷ്​ടാ​ഗുകളും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് ഈ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നതും റിട്വീറ്റ് ചെയ്തിരിക്കുന്നതും. 
 

 


 

Follow Us:
Download App:
  • android
  • ios