മെക് ഡൊണാള്‍ഡ്‌സ് ഭക്ഷണത്തിനോട് ബൊളീവിയക്കാര്‍ക്ക് 'അലര്‍ജി'യുണ്ടാകാന്‍ പല കാരണങ്ങളാണ് സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തിന്റെ രുചി പിടിക്കാത്തത് കൊണ്ടാണ് ആളുകള്‍ മെക് ഡൊണാള്‍ഡ്‌സിനെ വേണ്ടെന്ന് വച്ചതെന്ന വാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും

ലോകം മുഴുവന്‍ വിപണി പിടിച്ചെടുത്ത അമേരിക്കന്‍ ബ്രാന്‍ഡ് 'മെക് ഡൊണാള്‍സ്ഡ്' ബൊളീവിയയോട് വിട പറഞ്ഞു. വര്‍ഷങ്ങളായി ബൊളീവിയയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കനത്ത ബിസിനസ് നഷ്ടത്തെ തുടര്‍ന്നാണ് 'മെക് ഡൊണാള്‍ഡ്‌സ്' ബൊളീവിയയോട് യാത്ര പറയുന്നത്. 

1997ല്‍ ലാ പാസിലാണ് ബൊളീവിയയില്‍ ആദ്യമായി മെക് ഡൊണാള്‍ഡ്‌സ് സ്റ്റോര്‍ തുറക്കുന്നത്. ആദ്യകാലങ്ങളില്‍ മാത്രമേ ഇവിടെ അല്‍പമെങ്കിലും തിരക്ക് അനുഭവപ്പെട്ടിരുന്നുള്ളൂ. പിന്നീട് കച്ചവടം പതിയെ നഷ്ടത്തിലേക്ക് തിരിയുകയായിരുന്നു. 

മെക് ഡൊണാള്‍ഡ്‌സ് ഭക്ഷണത്തിനോട് ബൊളീവിയക്കാര്‍ക്ക് 'അലര്‍ജി'യുണ്ടാകാന്‍ പല കാരണങ്ങളാണ് സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തിന്റെ രുചി പിടിക്കാത്തത് കൊണ്ടാണ് ആളുകള്‍ മെക് ഡൊണാള്‍ഡ്‌സിനെ വേണ്ടെന്ന് വച്ചതെന്ന വാദത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. അമേരിക്കന്‍ കോര്‍പറേറ്റുകളോടുള്ള ശക്തമായ വിരോധം തന്നെയാണ് മെക് ഡൊണാള്ഡ്‌സിനെ രാജ്യം വിട്ട് പറക്കേണ്ടുന്ന അവസ്ഥയിലെത്തിച്ചത് എന്നാണ് ഉയരുന്ന പ്രധാന വാദം. 

്അതേസമയം ബൊളീവിയയിലെ ആകെ സാമ്പത്തികാവസ്ഥയിലുള്ള പിന്നോക്കാവസ്ഥയാണ് മെക് ഡൊണാള്‍ഡ്‌സ് 'ക്ലച്ച്' പിടിക്കാതെ പോകാന്‍ കാരണമെന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ മെക് ഡൊണാള്‍ഡ്‌സിന്റെ ലോകമെമ്പാടുമുള്ള സ്റ്റോറുകളില്‍ പലതും പൂട്ടിപ്പോയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ബൊളീവിയയിലും സ്‌റ്റോറുകള്‍ പൂട്ടിയിരിക്കുന്നതെന്നും ചിലര്‍ നിരീക്ഷിക്കുന്നു. 

2015ല്‍ ആദ്യമാസങ്ങളില്‍ മാത്രം വിവിധയിടങ്ങളിലുള്ള 700 സ്റ്റോറുകളാണത്രേ മെക് ഡൊണാള്‍ഡ്‌സ് എന്നെന്നേക്കുമായി താഴിട്ട് പൂട്ടിയത്. നടത്തിപ്പിന് വേണ്ടിയുള്ള ചെലവ് പോലും കച്ചവടത്തില്‍ നിന്ന് ലഭിക്കാതായതിനെ തുടര്‍ന്നാണ് അവര്‍ ഈ തീരുമാനത്തിലെത്തിയതെന്ന് അന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്തായാലും പുതിയ പരിഷ്‌കാരങ്ങളുമായി കമ്പനിയെ പിടിച്ചുയര്‍ത്താന്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനമെന്ന് കമ്പനി സിഇഒ സ്റ്റീവ് ഈസ്റ്റെര്‍ബ്രൂക്ക് അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ കമ്പനിയും തയ്യാറെടുത്ത് കഴിഞ്ഞെന്നും സ്റ്റീവ് പറയുന്നു.