Asianet News MalayalamAsianet News Malayalam

Middle Age : മദ്ധ്യവയസ്കരായ ആളുകള്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ നല്ലത്

മദ്ധ്യവയസിലേക്ക് കടക്കുമ്പോള്‍ തൊട്ട് എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ സ്വയം പരിഹരിച്ച് മുന്നേറാനുള്ള ശരീരത്തിന്‍റെ കഴിവ് കുറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലിന്‍റെ ആരോഗ്യത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണ്.

middle aged people should add these foods to their diet
Author
Trivandrum, First Published Aug 9, 2022, 6:24 PM IST

പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യകാര്യങ്ങളിലും ക്ഷീണം സംഭവിക്കും. വലിയൊരു പരിധി വരെയും ഇത്തരം പ്രശ്നങ്ങളെ നമ്മള്‍ മറികടക്കുന്നത് ജീവിതരീതികള്‍ കൊണ്ടാണ്. ഭക്ഷണം, വ്യായാമം എന്നിവയാണ് ഇതിലേറ്റവും പ്രധാനമെന്ന് പറയാം. 

പ്രായം ഏറുമ്പോള്‍ മിക്കവരും നേരിടുന്നൊരു പ്രശ്നം എല്ലുകള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ്. ഇത് എല്ല് തേയ്മാനം, കഠിനമായ വേദന, നിത്യജീവിതത്തിലെ വിവിധ ജോലികള്‍ ചെയ്യാൻ സാധിക്കാത്ത അവസ്ഥയ്ക്കെല്ലാം കാരണമാകും. 

മദ്ധ്യവയസിലേക്ക് കടക്കുമ്പോള്‍ തൊട്ട് എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ സ്വയം പരിഹരിച്ച് മുന്നേറാനുള്ള ശരീരത്തിന്‍റെ കഴിവ് കുറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലിന്‍റെ ആരോഗ്യത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഈ ഘട്ടത്തില്‍ ആവശ്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് ഇത് സാധ്യമാവുക. അത്തരത്തില്‍ മദ്ധ്യവയസ്കര്‍ക്ക് എല്ലുകള്‍ക്ക് ബലം കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കാത്സ്യത്തിന്‍റെ നല്ലൊരു സ്രോതസ് എന്ന നിലയില്‍ സോയാബീൻസ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്. കൊളസ്ട്രോള്‍ ലെവല്‍ കുറവായതിനാലും ഗ്ലൂട്ടൻ കുറവായതിനാലും ഇത് ആരോഗ്യത്തിന് തീര്‍ത്തും യോജിച്ചതുമാണ്. 

രണ്ട്...

ലെറ്റൂസ്, കാബേജ്, ചീര, ബ്രൊക്കോളി, കോളിഫ്ളവര്‍ തുടങ്ങിയ ഇനത്തില്‍ പെടുന്ന പച്ചക്കറികളും എല്ലുകളുടെ ബലം കൂട്ടാൻ നല്ലതാണ്. ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്.

മൂന്ന്...

പാലും പാലുത്പന്നങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാൻ സഹായിക്കും. പ്രോട്ടീൻ- കാത്സ്യം  എന്നിവയുടെ മികച്ച സ്രോതസുകളാണിവ. കട്ടത്തൈര്, ചീസ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

നാല്...

മത്സ്യം കഴിക്കുന്നവരാണെങ്കില്‍ കൊഴുപ്പടങ്ങിയ മത്സ്യങ്ങളും ഡയറ്റിലുള്‍പ്പെടുത്താം. കാത്സ്യത്തിന് പുറമെ വൈറ്റമിൻ -ഡിയുടെ നല്ല ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഇവ എല്ലിന് വളരെ നല്ലതാണ്. 

അഞ്ച്...

ബദാമും എല്ലിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്ന ഭക്ഷണമാണ്. ഒരുപാട് പോഷകങ്ങളുണ്ടെങ്കില്‍ കൂടി ഇതിലുള്ള പ്രോട്ടീനും കാത്സ്യവും തന്നെയാണ് എല്ലിന് ഗുണകരമാകുന്നത്. എല്ലിന് മാത്രമല്ല, സന്ധികള്‍, പേശികള്‍ക്കെല്ലാം നല്ലതാണ് ബദാം. 

ആറ്...

ദിവസവും എന്ന നിലയില്‍ ഭൂരിപക്ഷം പേരും കഴിക്കുന്ന ഒന്നാണ് മുട്ട. ഇതും എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം, വൈറ്റമിൻ-ഡി എന്നിവയാണ് എല്ലിന് ഗുണകരമാകുന്നത്. 

ഏഴ്...

ഭക്ഷ്യയോഗ്യമായ വിവിധയിനം വിത്തുകളുണ്ട്. മത്തൻ കുരു, സൂര്യകാന്തി വിത്ത് എല്ലാം ഇത്തരത്തിലുള്ളതാണ്. ഇവയെല്ലാം എല്ലിന് വളരെയധികം നല്ലതാണ്. എല്ലിന് മാത്രമല്ല, ആകെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

എട്ട്...

പയറുവര്‍ഗങ്ങളും എല്ലിന്‍റെ ബലം കൂട്ടാൻ സഹായിക്കുന്നതാണ്. ബീൻസ് - പയര്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും നല്ലത്. പതിവായി തന്നെ പയറുവര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. ഇവയിലുള്ള ഫൈബറും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തീര്‍ച്ചയായും മറ്റ് രോഗങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുകയും വേണം. 

Also Read:- മൈദ മുഖക്കുരുവിന് കാരണമാകുമോ? മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാം?

Follow Us:
Download App:
  • android
  • ios