കുട്ടികൾക്ക് പോഷകമൂല്യമുള്ള ഭക്ഷണം ശരിയായ അളവിൽ കൃത്യമായി നൽകണം എന്നതാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം. എന്നാല്‍ കുട്ടികള്‍ക്ക് 'ജങ്ക്' ഫുഡിനോടും അത്തരം 'സ്‌നാക്കുക'ളോടും ചോക്ലേറ്റിനൊടുമുള്ള അമിത കൊതി പലപ്പോഴും അമ്മമാര്‍ക്ക് തലവേദനയാകാം. 

ലോക്ക്ഡൗണ്‍ ആയതിനാലും വീട്ടില്‍ തന്നെയുള്ളതിനാലും കുട്ടികള്‍ക്ക് ഈ 'സ്‌നാക്ക്സ്' കൊതി കുറച്ചുകൂടുതലായിരിക്കും. എന്നാല്‍ നെതര്‍ലന്റ് സ്വദേശിയായ ഒരമ്മ മക്കളുടെ അമിതമായ സ്‌നാക്ക്‌സ് കഴിക്കലിനു തടയിടാന്‍ കണ്ടുപിടിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. 

സ്ഥിരമായി സ്‌നാക്ക്‌സ് കഴിക്കുന്ന കൊണ്ട് മക്കള്‍ക്ക്  വരാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ഇതിനു ചിലവാകുന്ന പണത്തെക്കുറിച്ചും ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ചിന്ത അവര്‍ക്കുണ്ടായത്. അങ്ങനെയാണ് നഴ്‌സ് കൂടിയായ സാറ തന്‍റെ മക്കള്‍ക്കായി വീട്ടിലൊരു വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. 

 

മക്കളെ പണത്തിന്റെ വിലയറിയിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഒപ്പം ഇത്തരം ഭക്ഷണത്തോടുള്ള കൊതി കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. രണ്ടു വയസ്സുകാരന്‍ തുടങ്ങി ഒമ്പതുവയസ്സുകാരി വരെ നാലുമക്കളാണ് സാറയ്ക്കുള്ളത്.

മെഷീന്‍ നിറയെ മക്കള്‍ക്കു പ്രിയപ്പെട്ട സ്‌നാക്‌സുകള്‍ നിറയ്ക്കുകയാണ് സാറ ആദ്യം ചെയ്തത്. എന്നാല്‍ അവര്‍ക്ക് തോന്നുമ്പോള്‍ വന്നു കഴിക്കാന്‍ കഴിയില്ല. പകരം ഒരു സ്‌നാക്‌സ് കഴിക്കണമെങ്കില്‍ അവര്‍ അമ്മ പറയുന്ന ജോലി ചെയ്ത് അതില്‍ നിന്ന് പണം നേടണം. 

സ്‌കൂളിലെ വര്‍ക്കുകള്‍ സമയത്തിനു തീര്‍ക്കുക, വീട്ടുജോലികളില്‍ സഹായിക്കുക എന്നിവ ചെയ്തുവേണം സ്‌നാക്കുകള്‍ സ്വന്തമാക്കാനുള്ള പണം നേടാന്‍.  പണം നേടിയില്ലെങ്കിലും സൗജന്യമായി കിട്ടുന്ന സ്‌നാക്സ് ഉണ്ട്, അത് അമ്മയുടെ അടുക്കളയില്‍ നിന്നുള്ളതാണെന്നു മാത്രം എന്നും സാറ മക്കളോട് പറഞ്ഞു. 

ഇതിലൂടെ മക്കള്‍ അല്‍പമെങ്കിലും ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പണത്തെക്കുറിച്ചും മനസ്സിലാക്കിക്കാണുമെന്നാണ് സാറ കരുതുന്നത്. 

 

Also Read: 'സ്നാക്സ്' കഴിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിയുക...