രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകളുടെ ജീവിത സാഹചര്യങ്ങൾ തന്നെ മാറിമറിയുകയായിരുന്നു. ഈ ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓര്‍ഡര്‍ ചെയത് ഭക്ഷണം ഏതാണെന്ന് അറിയാമോ? വീടിനുള്ളില്‍ തന്നെ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഓണ്‍ലൈനായി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി ആണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യാക്കാരുടെ ഭക്ഷണ വൈവിധ്യം വളരെ വലുതാണ്. പലതരം ഭക്ഷണങ്ങളാണ് ഓരോ സംസ്ഥാനങ്ങളിലും പ്രിയം. എന്നാൽ എല്ലായിടത്തും ഒരുപോലെ പ്രിയമുള്ള ഒരു ഭക്ഷണമാണ് ബിരിയാണി. 

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ ഈ ലോക്ക്ഡൗൺ കാലത്ത് 5.5 ലക്ഷം  തവണയാണ് ആളുകള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.  ഒരു ഭക്ഷണത്തിന് ലഭിക്കുന്ന ഓര്‍ഡറുകളുടെ സംഖ്യയില്‍ ഏറ്റവും വലുതാണിതെന്നും കമ്പനി പറയുന്നു.  സ്വിഗ്ഗിയിലെത്തുന്ന ഉപയോക്താക്കൾ പൊതുവിൽ തങ്ങളുടെ ആദ്യ ഓർഡർ ചെയ്യുന്ന ഭക്ഷണം ബിരിയാണെന്ന് കമ്പനി പറയുന്നു. 

 

രണ്ടാം സ്ഥാനം ബട്ടര്‍ നാനും മൂന്നാം സ്ഥാനം മസാല ദോശയും നേടി. 3.35 ലക്ഷം,  3.31  ലക്ഷം ഓര്‍ഡറുകളാണ് ഇവയ്ക്ക് ലഭിച്ചത്. ലോക്ക്ഡൗൺ കാലത്ത് മധുരപലഹാരങ്ങളും ആളുകള്‍ ധാരാളമായി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ ചോക്കോ ലാവ കേക്കാണ് മുന്നില്‍. 1,29,000ത്തിലധികം തവണയാണ് ഇത് ഓർഡർ ചെയ്യപ്പെട്ടത്. ഇത് കഴിഞ്ഞാൽ പിന്നെ ഗുലാബ് ജാമുൻ, ബട്ടർസ്കോച്ച് മൂസ് കേക്ക് എന്നിവയായിരുന്നു ഇന്ത്യക്കാരുടെ പ്രിയ മധുര താത്പ്പര്യങ്ങൾ. 

അതുപോലെ തന്നെ, ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഇന്ത്യൻ ജനത വാങ്ങിക്കൂട്ടിയവയിൽ മുൻനിരയിൽ നിൽക്കുന്നത് സാനിറ്റൈസർ മാത്രമല്ല എന്നും രാജ്യത്തെ വൻകിട ബ്രാൻഡുകളുടെ ചില സാധനകൾ ഈ കാലയളവിൽ ഇന്ത്യയിൽ വലിയ രീതിയിൽ വിറ്റുപോയെന്ന് കമ്പനികളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടാനിയ കമ്പനിയുടെ ബ്രഡ്, ചീസ്, റസ്‌ക് എന്നിവയാണ് ഏറ്റവും കൂടുതലായി വിറ്റുപോയത്. ഹിന്ദുസ്ഥാൻ യൂണി ലീവറിന്റേതാകട്ടെ കിസാൻ ജാമുകളും സോസുകളുമാണ് ഏറ്റവുമധികമായി വിറ്റുപോയത്. ഒപ്പം ലൈഫ്‌ബോയ് ഹാൻഡ് സാനിറ്റൈസറും ഹാൻഡ് വാഷും പട്ടികയിൽ ഉൾപ്പെടും.

Also read: കൊവിഡ് 19; ചില സാനിറ്റെെസറുകൾ സുരക്ഷിതമല്ല, മുന്നറിയിപ്പുമായി എഫ്ഡിഎ...