പഞ്ചസാരയില്‍ നിന്നും 100 മുതല്‍ 150 കലോറിയില്‍ കൂടതല്‍ ശരീരത്തില്‍ എത്തെരുത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.  അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. 

പഞ്ചസാര നമ്മുടെ ജീവിതത്തിലെ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതല്‍ പ്രമേഹത്തെ വരെ ബാധിക്കാം.

പഞ്ചസാരയില്‍ നിന്നും 100 മുതല്‍ 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തെരുത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. 

പ്രത്യേകിച്ച് ആഘോഷങ്ങളിലും മറ്റും തയ്യാറാക്കുന്ന ഡെസേര്‍ട്ടുകളില്‍ പഞ്ചസാരയ്ക്ക് പകരം താഴെ പറയുന്ന നാല് പ്രകൃതിദത്ത മധുരങ്ങള്‍ ഉപയോഗിക്കാം. 

ഒന്ന്...

തേനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തികച്ചും പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം നമ്മുക്ക് തേന്‍ ഉപയോഗിക്കാം. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ഈന്തപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഇവ ചേര്‍ക്കാം. 

മൂന്ന്...

ശര്‍ക്കര ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത മധുരമാണ്‌ ശര്‍ക്കര. ഇരുമ്പ്‌, കാത്സ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. 

നാല്...

നാളികേര പഞ്ചസാര ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ്‌ ഉണ്ടാക്കുന്നത്‌. ഇവയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

Also Read: ആഘോഷങ്ങള്‍ക്കിടയിലും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍...