സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്ക് വേണ്ടിയുള്ള നൂഡില്‍സ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വൃത്തിഹീനമായ സഹചര്യത്തിലാണ് ഇവിടെ നൂഡില്‍സ് തയ്യാറാക്കുന്നത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമുക്ക് മുമ്പിലെത്തുന്നത്, അല്ലേ? ഇവയില്‍ മിക്ക വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും. അത്രമാത്രം കാഴ്ചക്കാരാണ് ഫുഡ് വീഡിയോകള്‍ക്ക് ഉണ്ടാകാറ്. 

എന്നാല്‍ ചില ഫുഡ് വീഡിയോകള്‍ കാണുമ്പോള്‍ കൗതുകമോ കൊതിയോ അല്ല നമ്മളില്‍ നിറയ്ക്കുക, പകരം അറപ്പോ പേടിയോ ആശങ്കയോ എല്ലാമായിരിക്കും. മറ്റൊന്നുമല്ല- വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കുന്നതും മറ്റുമായിരിക്കും ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കം.

ഇപ്പോഴിതാ സമാനമായ രീതിയിലുള്ളൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്ക് വേണ്ടിയുള്ള നൂഡില്‍സ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

വൃത്തിഹീനമായ സഹചര്യത്തിലാണ് ഇവിടെ നൂഡില്‍സ് തയ്യാറാക്കുന്നത്. കൊല്‍ക്കത്തയിലാണ് ഈ ചെറിയ ഫാക്ടറിയുള്ളത്. ഇവിടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെന്നാണ് കമന്‍റുകളിലൂടെ പലരും പറയുന്നത്. 

നൂഡില്‍സിനുള്ള മാവ് കുഴയ്ക്കുന്നതും അത് പരുവപ്പെടുത്തിയെടുത്ത് നൂഡില്‍സാക്കുന്നതും ആവിയില്‍ വേവിക്കുന്നതും ഒടുവില്‍ പാക്ക് ചെയ്യുന്നതുമെല്ലാം വിശദമായിത്തന്നെ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. പല ജോലികള്‍ക്കും മെഷീനുകളെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അവിടെയും വൃത്തിഹീനമായ പരിസരം തന്നെയാണ് കാണുന്നത്. നൂഡില്‍സ് ആവി കയറ്റിയ ശേഷം വെറും തറയില്‍ കൊണ്ടിടുന്നതെല്ലാം കണ്ടിരിക്കാനേ പ്രയാസമാകുന്നു എന്നാണ് പലരും പറയുന്നത്.

അതേസമയം വൃത്തിഹീനമായ സാഹചര്യത്തില്‍ നൂഡില്‍സ് തയ്യാറാക്കിയെടുക്കുന്നതിനെ ന്യായീകരിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചെറിയ തുകയ്ക്ക് വില്‍ക്കുന്ന ഭക്ഷണസാധനങ്ങളാകുമ്പോള്‍ അതിന് അനുസരിച്ച് സൗകര്യമുള്ളിടത്തേ തയ്യാറാക്കാനാകൂ എന്നും അതൊരു ഭീകര കുറ്റകൃത്യമായിട്ടൊന്നും കണക്കാക്കേണ്ടതില്ല- പാവങ്ങളാണ് അവര്‍ ജീവിച്ചുപോകട്ടെ എന്നും മറ്റുമാണ് ഇവര്‍ കമന്‍റുകളിലൂടെ പറയുന്നത്. 

എന്തായാലും വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. വൈറലായ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'ഇതാണോ വൃത്തിയുള്ള ഷവര്‍മ്മ!'; സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോയ്ക്ക് വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo