Asianet News MalayalamAsianet News Malayalam

പഴങ്ങളും പച്ചക്കറികളും അങ്ങനെ കഴിക്കുന്നതോ ജ്യൂസാക്കുന്നതോ മികച്ച രീതി?

പഴങ്ങള്‍ വെറുതെ മുറിച്ച് കഴിക്കുന്നതിന് പകരം ജ്യൂസാക്കി കഴിക്കുന്നവര്‍ ഏറെയാണ്. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നതാണോ ജ്യൂസാക്കി കഴിക്കുന്നതാണോ കൂടുതല്‍ ഉത്തമം എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

nutritionist says that fruits are better to eat in raw state than juice
Author
Trivandrum, First Published Aug 3, 2020, 10:07 PM IST

പഴങ്ങളും പച്ചക്കറികളുമാണ് നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന മിക്കവാറും ഘടകങ്ങളുടേയും സ്രോതസ്. അതിനാലാണ് ആരോഗ്യ വിദഗ്ധര്‍ ഡയറ്റില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണമെന്ന് എപ്പോഴും നിര്‍ദേശിക്കുന്നത്. 

എന്നാല്‍ പച്ചക്കറികളും പഴങ്ങളും എങ്ങനെയെങ്കിലും അകത്താക്കിയാല്‍ മതിയല്ലോ എന്ന ധാരണയില്‍ ചിലര്‍ ഇവയെ വിവിധ വിഭവങ്ങളാക്കിയും മറ്റും കഴിക്കും. അതെല്ലാം 'റോ' ആയ പച്ചക്കറി- പഴങ്ങള്‍ എന്നിവയുടെ ഗുണം ഒരിക്കലും നല്‍കില്ല. 

പ്രത്യേകിച്ച് പഴങ്ങളുടെ കാര്യത്തിലാണ് ഇത് ശ്രദ്ധിക്കേണ്ടത്. പഴങ്ങള്‍ വെറുതെ മുറിച്ച് കഴിക്കുന്നതിന് പകരം ജ്യൂസാക്കി കഴിക്കുന്നവര്‍ ഏറെയാണ്. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നതാണോ ജ്യൂസാക്കി കഴിക്കുന്നതാണോ കൂടുതല്‍ ഉത്തമം എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

 

nutritionist says that fruits are better to eat in raw state than juice

 

യഥാര്‍ത്ഥത്തില്‍ പഴങ്ങള്‍ വെറുതെ കഴിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലതെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കര്‍ പറയുന്നത്. ജ്യൂസാക്കി കഴിക്കുമ്പോള്‍ ചില പച്ചക്കറികളിലേയും പഴങ്ങളിലേയും 'ഫൈബര്‍', 'ആന്റി ഓക്‌സിഡന്റുകള്‍' എല്ലാം ഒരളവില്‍ നഷ്ടപ്പെട്ടുപോകുമെന്നാണ് രുജുത ചൂണ്ടിക്കാട്ടുന്നത്. 

മൂന്ന് സാഹചര്യങ്ങളില്‍ മാത്രമേ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാവൂ എന്നാണ് ഇവര്‍ പറയുന്നത്. 

1. പഴുപ്പേറിയ പഴങ്ങള്‍ നേരിട്ട് കഴിക്കാനാകാത്ത അവസ്ഥ വരും. അത്തരം സന്ദര്‍ഭങ്ങളില്‍ അവ കളയാതെ ജ്യൂസാക്കി കഴിക്കാം. 

2. പഴങ്ങള്‍ കടിച്ച് ചവച്ച് തിന്നാന്‍ കഴിയാത്ത അവസ്ഥിയിലാണെങ്കില്‍ ജ്യൂസാക്കി കഴിക്കാം. 

3. വിശപ്പില്ലായ്മ അനുഭവപ്പെടുന്ന സമയങ്ങളിലും പഴങ്ങള്‍ - പച്ചക്കറികള്‍ എല്ലാം ജ്യൂസായി കഴിക്കാവുന്നതാണ്. 

ഇവ മൂന്നും അല്ലാത്ത അവസരങ്ങളിലെല്ലാം പരമാവധി പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നിര്‍ദേശിക്കുന്നത്. എന്ന് മാത്രമല്ല, കടകളില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന 'ഫ്രൂട്ട് ജ്യൂസുകള്‍' ഒരിക്കലും പഴങ്ങള്‍ക്ക് പകരമാവില്ലെന്നും അങ്ങനെ കണക്കാക്കുകയേ ചെയ്യരുതെന്നും ഇവര്‍ പറയുന്നു. 

 

nutritionist says that fruits are better to eat in raw state than juice

 

'കുപ്പിയില്‍ വാങ്ങിക്കാന്‍ കിട്ടുന്ന ജ്യൂസുകളില്‍ മിക്കവയിലും നിറത്തിനും മണത്തിനും രുചിക്കും വേണ്ടി രാസപദാര്‍ത്ഥങ്ങളാണ് ചേര്‍ക്കുന്നത്. ഇതിന് പുറമെ അമിതമായ അളവില്‍ പഞ്ചസാരയും ചേര്‍ത്തിട്ടുണ്ടാകും. ഇത് ശരീരത്തിന് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല- ദോഷവും ചെയ്‌തേക്കാം....'- രുജുത പറയുന്നു. 

പ്രമേഹം, പിസിഒഡി, അമിതവണ്ണം, ഹൃദ്രോഗമുള്ളവര്‍ എന്നിവരും പഴങ്ങള്‍ പരമാവധി വെറുതെ കഴിക്കുന്നതാണത്രേ ഉത്തമം. വിപണിയില്‍ നിന്ന് വാങ്ങുന്ന ജ്യൂസുകളും ഇത്തരക്കാര്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ന്യൂട്രീഷ്യനിസ്റ്റ് നിര്‍ദേശിക്കുന്നു.

Also Read:- പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടതും പകരം ചേര്‍ക്കേണ്ടതും...

Follow Us:
Download App:
  • android
  • ios