നാടൻ രുചിയിൽ പഴം നുറുക്ക് തിരുവോണ ദിനത്തിൽ തയ്യാറാക്കാം.
പപ്പടത്തിനുമൊപ്പം നാവിൽ അലിഞ്ഞിറങ്ങുന്ന പഴംനുറുക്ക്, ഇലയട ഇതൊക്കെ ആണ് തിരുവോണം നാളിലെ രാവിലത്തെ ബ്രേക്ഫാസ്റ്റ്. ഓണസദ്യയുടെ ഭംഗി ഉച്ചയ്ക്കത്തെ ഇലയിലാണെങ്കിൽ, തിരുവോണ ദിവസത്തിന്റെ തുടക്കം തന്നെ ഈ പ്രഭാതഭക്ഷണത്തിലാണ്. ഈ ഓണത്തിന് പെർഫെക്റ്റായ ഒരു പഴംനുറുക്ക് ഉണ്ടാക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ
ഏത്തപ്പഴം അഞ്ചെണ്ണം
ശർക്കര കാൽ കിലോ
വെള്ളം അര ഗ്ലാസ്
നെയ്യ് രണ്ട് ടീസ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ അര ഗ്ലാസ്
ഏലക്കാപ്പൊടി ഒരു ടീസ്പൂൺ
ചുക്കും ജീരകവും പൊടിച്ചത് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അധികം വലുതല്ലാത്ത ഒരു 5 ഏത്തപ്പഴം എടുത്ത് ആവിയിൽ വച്ച് ചെറുതായൊന്ന് പുഴുങ്ങി എടുക്കാം. നല്ലതുപോലെ വെന്ത് ഉടയേണ്ട ആവശ്യമില്ല, ഒരു രണ്ട് മൂന്ന് മിനിറ്റ് മതിയാകും. ഇനിയൊരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് അതിലേക്ക് ശർക്കരപ്പാനി (കാൽ കിലോ ശർക്കര അര ഗ്ലാസ് വെള്ളത്തില് ഉരുക്കി അരിച്ചെടുത്തത്) ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഇനി നേരത്തെ പുഴുങ്ങിവച്ച പഴം മൂന്നു കഷണങ്ങളാക്കി ഇട്ടു കടുക്കാം. ഇനി ഇത് നല്ലതുപോലെ കുറുകി വരണം. ഈ സമയത്ത് കുറച്ച് നെയ്യ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് കുറുകി വന്നാൽ ഇതിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ അര ഗ്ലാസ് ഒഴിച്ച് കൊടുക്കണം. ഇനി ഇതും നല്ലതുപോലെ ഒന്ന് വറ്റി കുറുകി വരണം. കുറച്ചു നെയ്യ് കൂടി ഒഴിച്ച ശേഷം ഏലക്കാപ്പൊടിയും, പൊടിച്ച ചെറിയ ജീരകവും, ചുക്കുപൊടിയും ചേർത്തു കൊടുക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. മധുരമൂറുന്ന പഴംനുറുക്ക് റെഡിയായിക്കഴിഞ്ഞു!



