വീട്ടിൽവെച്ച് പ്ലാസ്റ്റിക് കുപ്പിയോ പാക്കറ്റോ മറ്റും പൊട്ടിക്കുന്നത് അപകടകരമാണെന്ന്  പഠനം. പ്ലാസ്റ്റിക്ക് പാക്കറ്റോ കുപ്പിയോ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ അളവിലുള്ള മൈക്രോപ്ലാസ്റ്റിക് അന്തരീക്ഷത്തെ മലിനമാക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം. ഇത് മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ഓസ്ട്രേലിയയിലെ ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. 

കാലപ്പഴക്കമുണ്ടാകുമ്പോൾ വലിയ പ്ലാസ്റ്റിക്കുകൾ നശിക്കുമ്പോൾ അതിൽനിന്ന് കോസ്മെറ്റിക് എക്സ്ഫോളിയേറ്റുകൾ പോലെയുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ ഉത്ഭവിക്കുന്നു. അതുപോലെ തന്നെയാണ്  പ്ലാസ്റ്റിക് പാക്കറ്റോ കുപ്പിയേ തുറക്കുമ്പോഴും സീൽ ടേപ്പുകൾ വേർപെടുത്തുമ്പോഴും സംഭവിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

പ്ലാസ്റ്റിക്ക് പാക്കറ്റോ കുപ്പിയോ കീറുമ്പോഴോ മുറിക്കുമ്പോഴോ വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുള്ള മൈക്രോപ്ലാസ്റ്റിക്സുകളും സൃഷ്ടിക്കപ്പെട്ടുവെന്ന് ഗവേഷകർ കണ്ടെത്തി. നാനോമീറ്റർ മുതൽ മില്ലിമീറ്റർ വരെ വലുപ്പമുള്ള നാരുകൾ, ശകലങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. മുറിക്കൽ അല്ലെങ്കിൽ വളച്ചൊടിക്കൽ സമയത്ത് 300 സെന്റിമീറ്റർ പ്ലാസ്റ്റിക്ക് പത്ത് മുതൽ 30 വരെ നാനോഗ്രാം (0.00001-0.00003 മില്ലിഗ്രാം) മൈക്രോപ്ലാസ്റ്റിക്ക് ഉൽ‌പാദിപ്പിക്കാമെന്ന് ഗവേഷകർ വിലയിരുത്തുന്നു.