പാലക് ചീര, പനീര്‍ എന്നിവ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് പാലക് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. 

കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ പോഷകങ്ങള്‍ അടങ്ങിയ പാലക് പനീറിന്‍റെ റെസിപ്പി പങ്കുവച്ച് നടിയും അവതാരകയുമായ ശില്‍പ ബാല. തന്‍റെ മകള്‍ യാമികയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിതെന്നും താരം പറയുന്നു. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് ശില്‍പ വീഡിയോ പങ്കുവച്ചത്.

പാലക് ചീര, പനീര്‍ എന്നിവ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് പാലക് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ധാരാളം ആന്റിഓക്സിഡന്‍റ്, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ഇവ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണെന്നും ശില്‍പ പറയുന്നു. 

ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുക്കുക. ശേഷം ഇതിലേയ്ക്ക് പാലക് ചീരയിട്ട് തിളപ്പിക്കാന്‍ വയ്ക്കുക. ഉപ്പും കൂടി ചേര്‍ത്ത് വേണം തിളപ്പിക്കാന്‍ എന്നും അത് ചീര വൃത്തിയാക്കാന്‍ സഹായിക്കുമെന്നും താരം പറയുന്നു. ചെറുതായി ചൂടാകുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്ത് വെള്ളം അരിച്ചെടുക്കാം. ശേഷം ഈ ചീരകള്‍ ഓരോന്നായി മിക്സിയിലേയ്ക്ക് മാറ്റാം. ഇനി തണുക്കാനായി പത്ത് മിനിറ്റ് വയ്ക്കാം. 

ഈ സമയം കൊണ്ട് മറ്റൊരു പാത്രമെടുത്ത് ഒരു സ്പൂണ്‍ ബട്ടര്‍ ചേര്‍ത്ത് ചൂടാക്കാന്‍ വയ്ക്കുക. ശേഷം ഒരു സ്പൂണ്‍ ജീരകം, ഒരു സവാള അരിഞ്ഞത് എന്നിവയിട്ട് വഴറ്റാം. വഴറ്റി ഒരു പരുവം ആകുമ്പോള്‍, ഒരു തക്കാളി അരിഞ്ഞത്, മൂന്ന് പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇനി ഇതിലേയ്ക്ക് ആറ് അല്ലി വെളുത്തുള്ളി കൂടി ചേര്‍ക്കാം. ഇഞ്ചി വേണമെന്ന് ഉള്ളവര്‍ക്ക് ഇടാം, താന്‍ ചേര്‍ക്കാറില്ലെന്നും ശില്‍പ പറയുന്നു. ഒരുപാട് വഴറ്റേണ്ട, ഏഴ്- എട്ട് മിനിറ്റ് നേരം വഴറ്റാമെന്നും താരം പറഞ്ഞു. ഇനി ഈ വഴറ്റിയ കൂട്ട് ചീരയോടൊപ്പം മിക്സിയിലേയ്ക്ക് മാറ്റാം. ശേഷം ഇതും തണുക്കാനായി പത്ത് മിനിറ്റോളം മാറ്റി വയ്ക്കാം. 

ശേഷം കുറച്ച് വെള്ളം ഒഴിച്ച് രണ്ട് തവണ ഇവ അടിച്ചെടുക്കാം. ഇനി ഒരു പാത്രം ചൂടാക്കാന്‍ വയ്ക്കാം. അതിലേയ്ക്ക് രണ്ട് ബട്ടര്‍, ഒരു സ്പൂണ്‍ ജീരക പൊടി, ഒന്നര സ്പൂണ്‍ മല്ലി പൊടി, രണ്ട് സ്പൂണ്‍ മുളകു പൊടി, ഒരു നുള്ള് മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ചെറുതായി ഒന്ന് ചൂടാക്കാം. ഇനി മിക്സിയില്‍ ഇരിക്കുന്ന പാലക് മിക്സ് ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കാം. ശേഷം ഇതിലേയ്ക്ക് ഉപ്പും ചേര്‍ക്കാം. ഇനി ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ക്കാം. ശേഷം കുറച്ച് ഫ്രഷ് ക്രീം കൂടി ചേര്‍ക്കുന്നതോടെ സംഭവം റെഡി.

YouTube video player

Also Read: ഇതൊക്കെ എന്ത്! കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ പറ്റിച്ച് യുവതി; വീഡിയോ