നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നാം ഭക്ഷണങ്ങള്‍ ഏറെയും മഞ്ഞൾ ചേർത്താണ് തയ്യാറാക്കുന്നത്.

 

കൂടാതെ, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ സഹായകമാണ്. സാധാരണയായി ഈ മഞ്ഞളിന്‍റെ നിറം  മഞ്ഞയാണല്ലോ... എന്നാല്‍ ഇവിടെയിതാ മഞ്ഞയല്ലാത്ത മഞ്ഞളിന്‍റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇരുണ്ട നീല നിറത്തിലുള്ള മഞ്ഞളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  ഐഎഫ്എസ് ഉദ്യോഗസ്ഥയായ ശ്വേത ബൊഡ്ഡുവാണ് വ്യത്യസ്തമായ ഈ മഞ്ഞളിന്റെ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

 

തന്റെ ഫീൽഡ് സന്ദർശനത്തിനിടെയാണ് ശ്വേത ഈ മഞ്ഞൾ കാണുന്നത്. കൗതുകം തോന്നിയ ശ്വേത അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 'ബ്ലാക് ടർമെറിക് എന്ന പേരിലുള്ള ഈ മഞ്ഞളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ' എന്നു ചോദിച്ചാണ് ശ്വേത ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ചില ക്യാൻസർ ഉൾപ്പെടെയുള്ള രോ​ഗങ്ങൾ ചികിത്സിക്കാൻ ഉപയോ​ഗിക്കുന്ന അപൂർവമായ ആയുർവേദ ഔഷധമാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നു. കാഴ്ചയിൽ സാധാരണ മഞ്ഞളിനെ പോലെ തോന്നുമെങ്കിലും മുറിച്ചു നോക്കുമ്പോഴാണ് അകം ഇരുണ്ട നീല നിറത്തിലാണെന്ന് കാണുക. എന്തായാലും നീല നിറത്തിലുള്ള ഈ മഞ്ഞള്‍ കാണാന്‍ ഭംഗിയുള്ളതാണെന്നാണ് സൈബര്‍ ലോകത്തിന്‍റെ അഭിപ്രായം. 

Also Read: ക്യാന്‍സറും മഞ്ഞളും തമ്മിലുളള ബന്ധം...