മഞ്ഞള്‍- ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. മഞ്ഞളും ക്യാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിന് കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അപ്ലൈഡ് മെറ്റീരിയല്‍സ് ആന്‍റ്  ഇന്‍റര്‍ഫെസസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്. കുർകുമിനെ അതിസൂക്ഷ്മ കണികകൾ ആക്കി മാറ്റുക വഴിയാണ് ഇത് സാധ്യമാകുന്നത്. ബ്രിട്ടീഷ്‌ ജേര്‍ണല്‍ ഓഫ്‌ ക്യാന്‍സറിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു.

മുന്‍പും ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിനാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു.  യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെയും നെമോർസ് ചിൽഡ്രൻസ്  ഹോസ്പിറ്റലിലെയും ഗവേഷർ നടത്തിയ പഠനത്തില്‍ കുർകുമിൻ അടങ്ങിയ അതിസൂക്ഷ്മ കണികകൾ ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞു. സാധാരണയായി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന അർബുദമാണ് ന്യൂറോബ്ലാസ്റ്റോമ.