ഭക്ഷണപ്രിയര്‍ ഒത്തുകൂടുന്ന ഇടമാണ് സോഷ്യല്‍മീഡിയ. ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകം ഗ്രൂപ്പുകളിലായി ഭക്ഷണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇപ്പോഴിതാ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നതും ഒരു ഭക്ഷണമാണ്. തെന്നിന്ത്യയുടെ പ്രിയ വിഭവമായ ദോശ. 

എന്നാല്‍ ശരിക്കും ഇതൊരു ദോശയില്‍ നിന്ന് തുടങ്ങിയ ചര്‍ച്ചയല്ല. ചില സദൃശങ്ങള്‍ ദോശയിലെത്തിച്ചതാണ്. 2000 ല്‍ നാസയുടെ കസ്സിനി സ്‌പേസ് ക്രാഫ്റ്റ് പകര്‍ത്തിയ സൗരയൂഥത്തിലെ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രമാണ് ദോശയിലേക്കെത്തിയത്. 

സംഗതി ഇത്രയേ ഉള്ളൂ, ആ ചിത്രം കണ്ടാല്‍ നല്ല മൊരിഞ്ഞിരിക്കുന്ന ദോശ ഓര്‍മ്മ വരുമത്രേ. ഇന്ത്യയിലെ ഭക്ഷണപ്രിയര്‍ക്ക് ഇത് ഏറ്റെടുക്കാന്‍ പിന്നെ വേറെ എന്ത് കാരണം വേണം! ചിത്രം കണ്ടാല്‍ ദോശയാണെന്ന് സംശയിക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റില്ല അല്ലേ. വ്യാഴത്തിന്റെ താഴ് ഭാഗത്തുനിന്ന് പകര്‍ത്തിയതാണ് ചിത്രം.