സാവളയുടെ വില കുതിച്ചുകയറിയത് കനത്ത തിരിച്ചടിയാകുന്നതിനിടെ സാധാരണക്കാര്‍ക്ക് അടുത്ത പ്രഹരവും എത്തിയിരിക്കുന്നു. സവാളയ്‌ക്കൊപ്പം ഉരുളക്കിഴങ്ങിന്റേയും വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സവാള വില കിലോയ്ക്ക് 70 എന്ന തോതിലെത്തിയപ്പോള്‍ ഉരുളക്കിഴങ്ങിന് 40-50 തോതിലാണ് വില വരുന്നത്. 

ഒരാഴ്ച മുമ്പ് വരെ ഉരുളക്കിഴങ്ങിന് വില 25-35 തോതിലായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ന്ന് 40-50ലെത്തി നില്‍ക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് നിത്യജീവിതത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ട് ഭക്ഷണസാധനങ്ങളാണ് ഉള്ളിയും ഉരുളക്കിഴങ്ങും. ഇവ രണ്ടിനും ഇത്തരത്തില്‍ വില കൂടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് ഉള്ളിക്ക് ക്ഷാമം വരാനിടയാക്കിയത്. ക്ഷാമം നേരിട്ടതോടെ വിലയും കൂടി. എന്നാല്‍ ഉള്ളി ക്ഷാമം പരിഹരിക്കാന്‍ സാധ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനൊപ്പം തന്നെ ചെറുപയര്‍, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയുടെ ലഭ്യതക്കുറവ് പരിഗണിച്ച് അവയും ലഭ്യമാക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

 

 

ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും മഴ തന്നെയാണ് വില്ലനായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കിഴങ്ങ് വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്. എന്തായാലും ഉള്ളിയില്ലാത്ത കറിയും സലാഡും ഉരുളക്കിഴങ്ങില്ലാത്ത സ്റ്റൂവുമെല്ലാം ഇനി കുറച്ച് നാളത്തേക്ക് പരിശീലിക്കേണ്ടി വരുമെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഉള്ളി ചേര്‍ക്കാതെ സലാഡ് തയ്യാറാക്കാം...

ഉള്ളി ചേര്‍ക്കാതെയും 'ഗ്രീന്‍ സലാഡ്' തയ്യാറാക്കാവുന്നതാണ്. കക്കിരി, ക്യാരറ്റ്, ക്യാബേജ് എന്നിവയുണ്ടെങ്കില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തോ, തൈര് ചേര്‍ത്തോ എല്ലാം സലാഡ് തയ്യാറാക്കാം. ഉള്ളിയിട്ടില്ലെന്നോര്‍ത്ത് സലാഡ് മോശമാകുമെന്ന് ചിന്തിക്കരുത്. ലഭ്യമായ പച്ചക്കറികള്‍ ചേര്‍ത്ത് നമ്മള്‍ തയ്യാറാക്കുന്നത് തന്നെയാണ് സലാഡ്. 

ഉള്ളിക്ക് പകരം ചേര്‍ക്കാവുന്നത്...

കറികളിലാണെങ്കില്‍ സവാളയ്ക്ക് പകരം ചെറിയ ഉള്ളി ചേര്‍ക്കാവുന്നതാണ്. സവാളയുടെ രുചിയില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും ചെറിയ ഉള്ളിക്കും രുചിയേറെയാണ്. ഏത് രുചിയും നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. ശീലിച്ചുകഴിഞ്ഞാല്‍ ഏതിനും രുചി തോന്നിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, സവാളയെക്കാള്‍ ആരോഗ്യത്തിന് ഗുണകരമാണ് ചുവന്നുള്ളി അഥവാ ചെറിയ ഉള്ളി.

 

 

സലാഡിലാണെങ്കില്‍ ആദ്യം സൂചിപ്പിച്ചത് പോലെ സവാളയ്ക്ക് പകരം ക്യാബേജ് ചേര്‍ക്കാവുന്നതാണ്. സവാളയുടെ 'ക്രിസ്പ്‌നെസ്' അനുഭവപ്പെടുത്താന്‍ ക്യാബേജിന് സാധ്യമാണ്. റെസ്റ്റോറന്റുകളിലും മറ്റും സവാളവില കുത്തനെ ഉയരുന്ന സാഹര്യത്തില്‍ ക്യാബേജ് ചേര്‍ത്ത സലാഡുകള്‍ തയ്യാറാക്കാറുണ്ട്. ഇതുതന്നെ നമുക്കും മാതൃകയാക്കാം.

Also Read:- വണ്ണം കുറയ്ക്കാന്‍ സവാള ഇങ്ങനെ കഴിക്കാം...