നമ്മള്‍ എന്താണോ കഴിക്കുന്നത്, അടിസ്ഥാനപരമായി നമ്മള്‍ അതുതന്നെയാണ്. അത്രമാത്രം പ്രധാനമാണ് നമ്മുടെ ഭക്ഷണം. ശരീരവുമായും മനസുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന എന്തും ഏതും പ്രത്യക്ഷമായോ പരോക്ഷമായോ ഭക്ഷണത്തില്‍ തന്നെയാണ് വന്ന് മുട്ടിനില്‍ക്കുക. 

അത്തരത്തില്‍ ശരീരത്തിന്റെ ആയര്‍ദൈര്‍ഘ്യത്തെ നിര്‍ണയിക്കുന്ന കാര്യത്തിലും ഭക്ഷണത്തിന് കൃത്യമായ പങ്കുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ആയുര്‍ദൈര്‍ഘ്യം മാത്രമല്ല, എളുപ്പത്തില്‍ വാര്‍ധക്യമെത്തുന്നതിലും ഭക്ഷണത്തിന് വലിയ പങ്കുണ്ടെന്നാണ് ഈ പഠനം വാദിക്കുന്നത്. 

'ദ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധികരണത്തിലാണ് സ്‌പെയിനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

അമിതമായി കൊഴുപ്പും കൃത്രിമ മധുരവുമെല്ലാം അടങ്ങിയ ജങ്ക് ഫുഡ് അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണം പതിവായി കഴിക്കുന്നവരില്‍ വാര്‍ധക്യം എളുപ്പത്തിലെത്തുമെന്നും അവരുടെ ആയുര്‍ദൈര്‍ഘ്യം ഈയൊരു ശീലം കൊണ്ട് കുറയുമെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

വ്യക്തികളുടെ ജീവശാസ്ത്രപരമായ പ്രായത്തെ കണക്കാക്കാന്‍ ആശ്രയിക്കുന്ന ക്രോമസോമുകളുടെ വ്യതിയാനം മനസിലാക്കിക്കൊണ്ടാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലെത്തിയിരിക്കുന്നത്. പതിവായി പ്രോസസ്ഡ് ഭക്ഷണം കഴിക്കുന്നവരിലാണ് ഈ വ്യതിയാനം കണ്ടെത്തിയിരിക്കുന്നത്.

Also Read:- ഹെെ പ്രോട്ടീൻ ഡയറ്റ്; ചില ദോഷവശങ്ങളെ കുറിച്ചറിയാം...