അമിതവണ്ണം കുറയ്ക്കാനായി  പല ഡയറ്റുകളും പരീക്ഷിക്കുന്നവരുണ്ട്. മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തുന്നതാണ് വീഗന്‍ ഡയറ്റ്. വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് പ്രോട്ടീനുകളുടെ അഭാവം.

ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും  പ്രോട്ടീനുകള്‍ ആവശ്യമാണ്. മുട്ട, പാല്‍, മീന്‍, ഇറച്ചി എന്നിവയാണ് പ്രോട്ടീന്‍ സമൃദ്ധമായ ആഹാരങ്ങള്‍. എന്നാല്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാറില്ല. അതോടെ ആത്യാവശ്യം ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീനുകള്‍ കിട്ടാതെ വരും. ഇത്തരക്കാര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

 ഒന്ന്... 

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രമിക്കുക. ബ്രൊക്കോളി, ചീര, മധുരക്കിഴങ്ങ് എന്നിവയില്‍ നാല് മുതല്‍ അഞ്ച് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മള്‍ബറി, ബ്ലാക്ക്ബറി, വാഴപ്പഴം തുടങ്ങിയവയും പ്രോട്ടീനുകളുടെ കലവറയാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

 

രണ്ട്...

പ്രോട്ടീനുകളാല്‍  സമൃദ്ധമാണ് നട്സ് എന്ന് എല്ലാവര്‍ക്കും അറിയാം. കൂടാതെ ഫൈബര്‍, അയണ്‍, കാത്സ്യം, മഗ്നീഷ്യം,  ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, ബി, ആന്റി ഓക്‌സിഡന്റുകള്‍.. തുടങ്ങി ആരോഗ്യത്തിന് വേണ്ട എല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. 

മൂന്ന്... 

അര കപ്പ് ഓട്‌സില്‍ ആറ് ഗ്രാം വരെ പ്രോട്ടീനും നാല് ഗ്രാം ഫൈബറുമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

നാല്...

സോയ മില്‍ക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സോയ ബീന്‍സില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ മില്‍ക് വീഗന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് സാധാരണ പാലിന് പകരം കുടിക്കാം. 

അഞ്ച്... 

250 മില്ലി ഗ്രീന്‍ പീസില്‍ ഒമ്പത് ഗ്രാം പ്രോട്ടീനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗ്രീന്‍പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഫൈബര്‍, വിറ്റാമിന്‍ എ, സി, കെ, ഫോളേറ്റ് എന്നിവയും ലഭിക്കും. 

ആറ്...

ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പൊട്ടുകടല. ഇവയില്‍ കലോറി മൂല്യം കുറവും പ്രോട്ടീന്‍റെ അളവ് വളരെക്കൂടുതലുമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

ഏഴ്...

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ലവര്‍. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ, സി,  ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരുകപ്പ് കോളീഫ്ലറില്‍ 3 ഗ്രാം പ്രോട്ടീന്‍ കൂടി അടങ്ങിയിരിക്കുന്നു.   

Also Read: സാമന്തയുടെ 'വീഗന്‍ സൂപ്പ്' ഉണ്ടാക്കിയാലോ...