ദോശ നമ്മുക്കെല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണല്ലോ. ഐസ്‌ക്രീം ദോശ, ചോക്ലേറ്റ് ദോശ, ചീസ് ദോശ, മുട്ട ദോശ...ഇങ്ങനെ നിരവധി ദോശകൾ ഇന്ന് ലഭ്യമാണ്. ഇപ്പോഴിതാ ഇതിനെയെല്ലാം വെല്ലുന്നൊരു ദോശ വീഡിയോ ആണ് 
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജനീകാന്ത് സ്‌റ്റൈല്‍ ദോശയാണ് സം​ഗതി.

 മുത്തു ദോശാ കോര്‍ണറിന്റെ ഉടമ മുത്തുവാണ് രജനീകാന്ത് സ്‌റ്റൈലില്‍ ദോശ ചുടുകയും വിളമ്പുകയും ചെയ്യുന്നത്. മുംബൈയില്‍ നിന്നാണ് വ്യത്യസ്തമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് മുത്തു. മുത്തു ദോശ ഒരുക്കുമ്പോഴും രജനിയുടെ അതേ ഭാവങ്ങളും ചടുലതയും പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

 മുത്തു ദോശയ്ക്കുള്ള മാവ് പരത്തുന്നതും മസാലയുമുള്‍പ്പെടെയുള്ളവ നിറയ്ക്കുന്നതും ശേഷം മുറിച്ചെടുത്ത് പാത്രങ്ങളിലാക്കി ആളുകൾക്ക് നൽകുന്നതുമെല്ലാം ഒരു കല തന്നെയാണ്. മിനിറ്റുകള്‍ക്കുള്ളിലാണ് മുത്തു ഇതെല്ലാം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. ഫേസ് ബുക്ക് ​ഗ്രൂപ്പായ സ്ട്രീറ്റ് ഫു‍ഡ് റെസിപ്പിയിലാണ് മുത്തുവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഒന്നരലക്ഷത്തോളം ഷെയറുകളുമാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത്ര വേ​ഗത്തിൽ രസകരമായി ദോശ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.