വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചീരയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ.
ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
രണ്ട്...
ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്.
മൂന്ന്...
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാല്...
രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ പൊട്ടാസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദഗ്ധർ തന്നെ നിർദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
ആന്‍റിഓക്സിഡന്‍റുകളും നാരുകളും അടങ്ങിയ ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും.
ആറ്...
കാത്സ്യം, വിറ്റമിൻ കെ എന്നിവ ധാരാളമടങ്ങിയ ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും.
ഏഴ്...
ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചീര നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും.
