വിറ്റാമിൻ സി, കെ, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ്, ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവ അടങ്ങിയ കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ ഒരു അംഗമാണ് കോളിഫ്ലവർ. വിറ്റാമിൻ സി, കെ, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ്, ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവ അടങ്ങിയ കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

കലോറി കുറവും ഫൈബര്‍ കൂടുതലും ഉള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കോളിഫ്ലവർ സഹായിക്കും. നാരുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ കോളിഫ്ലവർ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കോളിഫ്ലവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തലച്ചോറിന്റെ വികാസത്തിന് വേണ്ട കോളിന്റെ നല്ല ഉറവിടമാണ് കോളിഫ്ലവർ. അതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ക്യാൻസര്‍ സാധ്യതയെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയൻറുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്സ് എന്നിവയുടെയും സ്രോതസാണിത്. കരളിലെ വിഷാംശങ്ങളെ പുറംതള്ളാനും ഇവ കഴിക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡയറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

youtubevideo