ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തില്‍ ആരോഗ്യത്തിനും ജീവനും ഒരുപോലെ വെല്ലുവിളികളുയര്‍ത്തുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ചെറിയ ശാരീരിക വിഷമതകള്‍ മുതല്‍ ഹൃദയാഘാതത്തിന് വരെ കൊളസ്‌ട്രോള്‍ സാധ്യതകള്‍ തുറന്നിടും. അതിനാല്‍ത്തന്നെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അത് കൃത്യമായി നിയന്ത്രണത്തിലാക്കി കൊണ്ടുപോവുകയെന്നത് അവശ്യം ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. 

പ്രധാനമായും ഡയറ്റില്‍ വരുത്തുന്ന നിയന്ത്രണം തന്നെയാണ് കൊള്‌സട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിന് സഹായകമാകുന്ന ഒരു ജ്യൂസാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ഓറഞ്ച്, ഫ്‌ളാക്‌സ് സീഡ്‌സ്, നേന്ത്രപ്പഴം എന്നിവ വച്ചാണ് ഈ ജ്യൂസ് നമ്മള്‍ തയ്യാറാക്കുന്നത്. 'സിട്രസ് ഫ്രൂട്ട്‌സ്' എന്ന ഗണത്തിലുള്‍പ്പെടുന്ന ഫ്രൂട്ടാണ് ഓറഞ്ച്. ഇവയിലടങ്ങിയിരിക്കുന്ന 'ഹെസ്‌പെരിഡിന്‍' രക്തസമ്മര്‍ദ്ദം ഉയരുന്നത് തടയുമത്രേ. അതുപോലെ ഓറഞ്ചിലുള്ള 'പെക്ടിന്‍', മറ്റ് ചില ഘടകങ്ങള്‍ എന്നിവ ചീത്ത കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കാനും സഹായകമാണത്രേ. 

ഇനി ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മീഡിയം വലിപ്പത്തിലുള്ള ഒരു ഓറഞ്ച്, ചെറുതായി മുറിച്ചെടുത്ത ഒരു നേന്ത്രപ്പഴം, ഒരു ടീസ്പൂണ്‍ ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവയാണ് പ്രധാന ചേരുവകളായി വേണ്ടത്. ഈ മൂന്ന് ചേരുവകളും നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കില്‍ മധുരം ചേര്‍ക്കാം. അല്ലാത്ത പക്ഷം തേന്‍ ചേര്‍ക്കാം. ജ്യൂസ് തയ്യാറായിക്കഴിഞ്ഞാല്‍ തണുപ്പിച്ച ശേഷമോ അല്ലാതെയോ കഴിക്കാം. 

ബ്രേക്ക്ഫാസ്റ്റ് എന്ന നിലയ്ക്ക് ഈ ജ്യൂസ് പതിവായി കഴിക്കുന്നതാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാവുകയെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നത് ആയതിനാല്‍ തന്നെ ആര്‍ക്കും ഇത് പരീക്ഷിക്കാവുന്നതേ ഉള്ളൂ.

Also Read:- ഒരു കോണിൽ എത്ര സ്കൂപ് ഐസ്ക്രീം നിറയ്ക്കാം? റെക്കോർഡ് നേടിയ വീഡിയോ...