ഓട്ട്മീല്‍ പലരും പല രീതിയിലാണ് തയ്യാറാക്കാറ്. എന്നാല്‍ ദിവസവും മാറി മാറി പരീക്ഷിക്കാവുന്ന ഒരു ഓട്ട്മീല്‍ റെസീപ്പിയാണ് ഇനി പരിചയപ്പെടുത്തുന്നത്

ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണം നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് പറയാറുണ്ട്, അല്ലേ? അതെ, ദിവസം തുടങ്ങുന്നത് ഏത് ഭക്ഷണത്തോടെയാണെന്നത് വളരെ പ്രധാനമാണ്. തുടര്‍ന്നുള്ള സമയത്തെ ശാരീരികവും മാനസികവുമായ അവസ്ഥകളെ പ്രഭാതഭക്ഷണത്തോളം സ്വാധീനിക്കുന്ന മറ്റൊരു ഭക്ഷണമില്ല. 

അതിനാല്‍ തന്നെ രുചിയെക്കാളെല്ലാം മുകളില്‍ 'ഹെല്‍ത്തി' ആയ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കേണ്ടതുണ്ട്. മിക്കവരും രാവിലെകളില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കാറ്. ഈ പട്ടികയില്‍ ഏറ്റവും മുന്‍നിരയിലായിരിക്കും ഓട്ട്‌സിന്റെ സ്ഥാനം. 

ഓട്ട്മീല്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ തന്നെയാണ് ഇതിന്റെ ഏറ്റവും മികച്ച ആകര്‍ഷണം. ദഹനപ്രശ്‌നങ്ങളൊഴിവാക്കാനും, ഉന്മേഷമുണ്ടാക്കാനുമെല്ലാം ഫൈബര്‍ സഹായിക്കും. ഒപ്പം തന്നെ മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്. 

ഓട്ട്മീല്‍ പലരും പല രീതിയിലാണ് തയ്യാറാക്കാറ്. എന്നാല്‍ ദിവസവും മാറി മാറി പരീക്ഷിക്കാവുന്ന ഒരു ഓട്ട്മീല്‍ റെസീപ്പിയാണ് ഇനി പരിചയപ്പെടുത്തുന്നത്. അടിസ്ഥാനപരമായി ഇത് തയ്യാറാക്കുന്നത് ഒരു രീതിയില്‍ മാത്രമാണ്. എന്നാല്‍ ടോപ്പിംഗായി ചേര്‍ക്കുന്ന ഘടകങ്ങളിലാണ് മാറ്റങ്ങള്‍ കൊണ്ടുവരാനാവുക. 

ഓട്ട്‌സ് ഒരു പാനിലിട്ട് ഒന്ന് റോസ്റ്റ് ചെയ്‌തെടുത്ത ശേഷം അതിലേക്ക് വെള്ളവും പാലും ചേര്‍ത്ത് ഓട്ട്മീല്‍ ആദ്യം തയ്യാറാക്കാം. ശേഷം നേന്ത്രപ്പഴം അരിഞ്ഞതോ ബദാമോ പീനട്ട് ബട്ടറോ ചേര്‍ക്കാം. ഇതിന് പകരം ഏത് തരം പഴങ്ങളും നട്ട്‌സും സീഡ്‌സുമെല്ലാം ഉപയോഗിക്കാം. അത് അവരവരുടെ അഭിരുചിക്ക് അനുസരിച്ച് തന്നെ ചെയ്യാം. 

പീ നട്ട് ബട്ടര്‍ മാറ്റി ഇടയ്ക്ക് തേനും പരീക്ഷിക്കാം. മധുരം ഇഷ്ടമുള്ളവര്‍ അല്‍പം മധുരം ചേര്‍ക്കാറുണ്ട്. ഇനി മധുരം മടുത്ത് തുടങ്ങിയാല്‍ ഉപ്പ് ചേര്‍ത്ത് അങ്ങനെയും രുചി മാറ്റിപ്പിടിക്കാം. പാല്‍ ചേര്‍ക്കാതെ മറ്റ് രീതികളിലും ഓട്ട് മീല്‍സ് തയ്യാറാക്കാം. 

എന്തായാലും ഓട്ട്‌സ് എപ്പോഴും ഒരേ രീതിയില്‍ തയ്യാറാക്കി കഴിക്കുന്നതില്‍ വിരസത വരുമെന്ന കാര്യം ഉറപ്പ്. ഇത്തരത്തില്‍ ടോപ്പിംഗായി സീസണല്‍ പഴങ്ങള്‍ മാറ്റി മാറ്റി ചേര്‍ക്കുന്നത് വിരസത മാറ്റുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും. ദിവസത്തില്‍ അല്‍പം നട്ട്‌സോ സീഡ്‌സോ കഴിക്കുന്നത് വളരെ നല്ലതാണ്. അതും ബ്രേക്ക്ഫാസ്റ്റിനൊപ്പം തന്നെ ആകുമ്പോള്‍ ഏറെ നല്ലത്.

Also Read:- വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് തരം ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona