Asianet News MalayalamAsianet News Malayalam

മാമ്പഴക്കാലമല്ലേ, മധുരവും എരിവുമുള്ള ഒരു കിടിലന്‍ സോസ് തയ്യാറാക്കിയാലോ?

മാമ്പഴക്കറി, പുളിശ്ശേരി, ജ്യൂസ്, പായസം, ഷേക്ക്, പുഡിംഗ്, കേക്ക്, ഐസ്‌ക്രീം എന്നിങ്ങനെ പല തരത്തിലാണ് നമ്മള്‍ മാമ്പഴ വിഭവങ്ങള്‍ തയ്യാറാക്കാറ്. എന്നാല്‍ അധികമാരും തയ്യാറാക്കാത്തതും രുചികരവുമായൊരു മാമ്പഴ വിഭവം പരിചയപ്പെട്ടാലോ

recipe of sweet chilli mango sauce that can prepare easily
Author
Trivandrum, First Published Jun 4, 2020, 10:40 PM IST

സീസണ്‍ ആയാല്‍ മിക്ക വീടുകളില്‍ എപ്പോഴും മാമ്പഴം കാണും. വീട്ടുവളപ്പില്‍ മരമുള്ളവരാണെങ്കില്‍ അങ്ങനെയും, അല്ലാത്തവരാണെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയും കഴിക്കും. വെറുതെ മുറിച്ചുകഴിച്ചുതീര്‍ക്കുക മാത്രമല്ല, പഴുത്ത മാമ്പഴം കൊണ്ട് രുചിയേറിയ വിഭവങ്ങള്‍ തയ്യാറാക്കുന്നവരും കുറവല്ല. 

മാമ്പഴക്കറി, പുളിശ്ശേരി, ജ്യൂസ്, പായസം, ഷേക്ക്, പുഡിംഗ്, കേക്ക്, ഐസ്‌ക്രീം എന്നിങ്ങനെ പല തരത്തിലാണ് നമ്മള്‍ മാമ്പഴ വിഭവങ്ങള്‍ തയ്യാറാക്കാറ്. എന്നാല്‍ അധികമാരും തയ്യാറാക്കാത്തതും രുചികരവുമായൊരു മാമ്പഴ വിഭവം പരിചയപ്പെട്ടാലോ. 

'സ്വീറ്റ് ചില്ലി മാംഗോ സോസ്' ആണ് ഈ കൊതിയൂറിക്കുന്ന വിഭവം. അങ്ങനെ വിഭവം എന്നൊന്നും പറയാനാകില്ല, പേര് സൂചിപ്പിക്കുന്നത് പോലെ സോസ് വിഭാഗത്തില്‍ പെടുത്താവുന്നതാണിത്. എങ്കില്‍ പോലും, രുചിയുടെ കാര്യം നോക്കുമ്പോള്‍ 'വിഭവം' എന്ന് പറയുന്നതില്‍ തെറ്റില്ല. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കൂടി പഠിക്കാം. 

'സ്വീറ്റ് ചില്ലി മാംഗോ സോസ്'...

പഴുത്ത മാങ്ങ മൂന്നെണ്ണം എടുക്കാം. അരക്കപ്പ് തേങ്ങാപ്പാല്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, അരക്കപ്പ് പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍, മൂന്ന് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ഗ്രേറ്റ് ചെയ്‌തെടുത്തത്, ഒരു ടേബിള്‍ സ്പൂണ്‍ ചുവന്ന മുളക് പൊടിച്ചത്, ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് വേണ്ട മറ്റ് ചേരുവകള്‍. 

 

recipe of sweet chilli mango sauce that can prepare easily

 

മാമ്പഴം തൊലി കളഞ്ഞ്, കഷ്ണങ്ങളാക്കി മിക്‌സിയിലിട്ട് ഒന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഇഞ്ചിയും ചെറുനാരങ്ങാനീരും കൂടി ചേര്‍ത്ത് ഒന്നുകൂടി നന്നായി അടിച്ചെടുക്കുക. ഇനിയൊരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ക്കാം. ഒലിവ് ഓയിലിന് പകരം വേണമെങ്കില്‍ റിഫൈന്‍ഡ് ഓയിലും ഉപയോഗിക്കാവുന്നതാണ്. 

എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി ചേര്‍ക്കുക. പച്ചമണം പോകുന്നത് വരെ മാത്രം അത് ചൂടാക്കാം. തുടര്‍ന്ന് ഇതിലേക്ക് അടിച്ചുവച്ചിരിക്കുന്ന മാമ്പഴക്കൂട്ട് ചേര്‍ക്കാം. ഏറ്റവും കുറഞ്ഞ തീയിലായിരിക്കണം പാന്‍ വെക്കേണ്ടത്. ഇതിന് പിന്നാലെ തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കുക. മുളക് പൊടിച്ചെടുത്തതോ, അല്ലെങ്കില്‍ പാക്കറ്റ് മുളകുപൊടിയോ ആകാം. പക്ഷേ 'ക്രഷ്ഡ് ചില്ലി', അതായത് നമ്മള്‍ ചെറുതായി പൊടിച്ചെടുക്കുന്ന മുളക് തന്നെയാണ് രുചിക്ക് നല്ലത്. 

Also Read:- ഇതാ വ്യത്യസ്തമായ ഒരു രസം, കിടിലൻ 'മാങ്ങ രസം' ഉണ്ടാക്കിയാലോ...

എല്ലാം നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലക്കിയത് ചേര്‍ക്കാം. തീരെ ചെറിയ ചൂടില്‍ അല്‍പസമയം വച്ച്, സോസിന്റെ പരുവത്തിലാകുമ്പോള്‍ തീ ഓഫ് ചെയ്യാം. നന്നായി ചൂടാറിയ ശേഷം ചോറിനൊപ്പമോ, സലാഡിന് ഡ്രസിംഗായോ ഒക്കെ എടുക്കാവുന്നതാണ്. വായു കടക്കാത്ത പാത്രത്തില്‍ വൃത്തിയായി അടച്ചുവയ്ക്കുകയാണെങ്കില്‍ ഒരാഴ്ച വരെ ഇത് കേട് കൂടാതെ ഇരിക്കുകയും ചെയ്യും. അപ്പോള്‍ മാമ്പഴക്കാലം തീരും മുമ്പേ ഇതൊന്ന് പരീക്ഷിക്കണേ...

Follow Us:
Download App:
  • android
  • ios