ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. എന്നാല്‍ പലപ്പോഴും സാലഡ് വെള്ളരി കയ്ക്കുന്നുവെന്ന് തോന്നാറില്ലേ?

ഫേസ്ബുക്കിനും അനുബന്ധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും വലിയ വെല്ലുവിളിയായി 'ടിക് ടോക്' അതിവേഗം മുന്നേറുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 

സമയം പോകാനായി ടിക് ടോക് വീഡിയോകള്‍ വെറുതെ ഇരുന്ന് കാണുന്നവരാണ് അതില്‍ ഏറെയും. ചിലതൊക്കെ കാണുമ്പോള്‍ ഒന്ന് അനുകരിച്ച് നോക്കുന്നവരുമുണ്ട്. എങ്കിലും പാട്ടും ഡാന്‍സും അഭിനയവും മാത്രമല്ല 'കുക്കിങ് ടിപ്സ്' , 'ബ്യൂട്ടിടിപ്സ്' അങ്ങനെ പലതും ടിക് ടോകിലൂടെ ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ വെള്ളരിയുടെ കയ്പ്പകറ്റാന്‍ ടിക് ‌ടോകിലൂടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി.

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. അമിതവണ്ണം കുറയ്ക്കാനായി ഡയറ്റിന്‍റെ ഭാഗമായി വെള്ളരിക്ക പച്ചയ്ക്ക് കഴിക്കുന്നവര്‍ ഏറേയാണ്. എന്നാല്‍ പലപ്പോഴും സാലഡ് വെള്ളരി കയ്ക്കുന്നുവെന്ന് തോന്നാറില്ലേ? വല്ലാതെ ചൂടുള്ള കാലാവസ്ഥയില്‍ വളരുമ്പോള്‍ ഉഷ്ണസമ്മര്‍ദ്ദം കാരണം ഇത്തരം കയ്പുരസമുണ്ടാകാം. 'കുക്കുര്‍ബിറ്റാസിന്‍' എന്ന രാസവസ്തുവാണ് വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്നത്. കീടബാധ തടയാന്‍ സഹായിക്കുന്ന ഈ രാസവസ്തു ചിലപ്പോള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും അതുമൂലം കയ്പുരസം കൂടുകയും ചെയ്യാം. 

എന്തായാലും ഈ കയ്പുരസത്തിന് പരിഹാരം പറയുകയാണ് വൈറലായ ഈ ടിക് ടോക് വീഡിയോ. അതിനായി ആദ്യം വെള്ളരിക്കയെടുത്ത് അറ്റത്ത് നിന്ന് ഒരു ചെറിയ കഷണം മുറിക്കുക. ശേഷം വലിയ കഷ്ണവും മുറിച്ചു നീക്കിയ കഷ്ണവും തമ്മില്‍ നന്നായി ഉരസുക. വട്ടത്തില്‍ ഇങ്ങനെ ഉരസുന്നതുവഴി വെള്ളരിക്കയില്‍ നിന്ന് പാലുപോലെ ഒരു ദ്രാവകം വരും. ഇതു പോകുന്നതോടെ കയ്പ്പില്ലാതാകുമെന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. 

ഇതിനോടകം പത്ത് ലക്ഷം കാഴ്ച്ചക്കാരെയാണ് ഈ വീഡിയോ നേടിയത്. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്നാല്‍ ഇത് പുതിയ കാര്യമൊന്നുമല്ലെന്നും തങ്ങളുടെ വീടുകളില്‍ പണ്ടുതൊട്ടെ ചെയ്യുന്ന വഴിയാണിതെന്നും ചിലര്‍ കമന്‍റ് ചെയ്തു. 

Also Read: മുഖക്കുരു മാറാൻ ഇതാ വെള്ളരിക്ക ഫേസ് പാക്കുകൾ...