ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട കാര്യമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ എല്ലാവരും ശ്രമം  തുടങ്ങി കഴിഞ്ഞു. വൈറ്റമിൻ സി അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് പ്രതിരോധ ശേഷി ലഭിക്കാന്‍  ചെയ്യേണ്ടത്.  ഓറഞ്ച്, ബ്രോക്കോളി, മുളക്, ക്യാപ്സിക്കം, കോളിഫ്ളവർ തുടങ്ങിയവയിലൊക്കെ ആവശ്യത്തിന് വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. ഓറഞ്ചിനൊടൊപ്പം മുന്തിരി, നാരങ്ങ, കിവി തുടങ്ങിയവയെല്ലാം സിട്രസ് ഫ്രൂട്ട്‌സ് വിഭാഗത്തില്‍പ്പെടുന്നവയാണ്. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍- ഇ എന്നിവയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ചെറിയ അണുക്കള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാന്‍ വെളുത്തുള്ളിക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് വെളുത്തുള്ളി കഴിക്കുന്നത് ഏറെ നല്ലതാണ്. ഒപ്പം ഇഞ്ചി, മഞ്ഞള്‍ ഒക്കെ പ്രതിരോധശേഷിക്ക് നല്ലതാണ്. 

എന്നാൽ ഉപ്പ് ആരോഗ്യത്തിന് വില്ലനാകുമെന്നത് പലരും മറക്കുന്നു. ഉപ്പ് കൂടതലായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജർമനിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബോണിൽ നടത്തിയ പഠനത്തിലാണ് ഉപ്പിന്റെ അമിത ഉപയോഗം പ്രതിരോധശേഷി കുറക്കുമെന്ന് കണ്ടെത്തിയത്. 

എലികളിലാണ് പരീക്ഷണം നടത്തിയത്. ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ച എലികളിൽ അണുബാധകൾ പെട്ടെന്ന് വരുന്നതായി കണ്ടെത്തി. പ്രതിധിനം 0.17 ഔൺസിൽ കൂടുതൽ ഉപ്പ് (ഏകദേശം ഒരു ടീസ്പൂൺ) മനുഷ്യർ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്.