വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൈദ പൂര്‍ണമായും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. മൈദയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് നമ്മളില്‍ പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ പ്രയാസമാണ്. അത് കുറയ്ക്കാന്‍ ആദ്യം ഡയറ്റില്‍ നിന്നും മൈദ, അഥവാ റിഫൈൻഡ് ഫ്ളോര്‍ ഒഴിവാക്കുക. 

ശുദ്ധീകരിച്ച മാവ് അഥവാ റിഫൈൻഡ് ഫ്ളോര്‍ /മൈദ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒരു അവിഭാജ്യ സ്ഥാനം വഹിക്കുന്നു എന്നത് സത്യമാണ്. പൂരി, സമൂസ, കേക്കുകൾ, ബ്രൗണികൾ തുടങ്ങിയ പലഹാരങ്ങളൊക്കെ ഇവ കൊണ്ടാണ് തയ്യാറാക്കുന്നത്. ഇവ ആരോഗ്യത്തിന് ഒട്ടും നന്നല്ല. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൈദ പൂര്‍ണമായും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. മൈദയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഗോതമ്പ് മാവ് അഥവാ ആട്ട ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഗോതമ്പ് മാവ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

രണ്ട്... 

ഓട്സ് മാവ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ അടങ്ങിയ ഇവ നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് മാവ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

കടലമാവും ശുദ്ധീകരിച്ച മാവിന് മറ്റൊരു മികച്ച ബദലാണ്. ഇവയും പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പ്രോട്ടീൻ ഒരു പ്രധാന പോഷകമാണ്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

നാല്... 

റാഗി മാവ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇവ. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. അതുവഴി വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിച്ചേക്കാം. പ്രമേഹത്തെ നിയന്ത്രിക്കാനും റാഗി മാവ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

ബജ്‌റ മാവ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൂറ്റൻ ഫ്രീയായ ഇവയില്‍ നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇവയുടെ കലോറിയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുഖക്കുരുവിനെ തടയാന്‍ കുതിർത്ത ഉണക്കമുന്തിരി വെള്ളം ഇങ്ങനെ കുടിക്കാം...

youtubevideo