ഗ്ലാസ്കോ: വിസ്കിയിലെ വ്യാജനെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത കൃത്രിമ നാവ് വികസിപ്പിച്ച് ശാസ്ത്രകാരന്മാര്‍. സ്കോട്ട്ലാന്‍റില്‍ നിന്നുള്ള ശാസ്ത്രകാരന്മാരാണ് ഇതിന് പിന്നില്‍. കൃത്രിമ നാവ് എന്ന് പേരിട്ടിരിക്കുന്ന ഈ കണ്ടുപിടുത്തം മനുഷ്യ നാക്കിനേക്കാള്‍ വേഗത്തില്‍ വ്യാജ വിസ്കിയെ കണ്ടെത്തും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്കോയിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചത്. കൃത്രിമ നാവ് എന്ന സംവിധാനം എവിടെയും കൊണ്ടുപോകാവുന്ന ചെറിയ ഉപകരണമാണ്. വ്യാജ മദ്യം തിരിച്ചറിയാന്‍ മാത്രമല്ല വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ഈ ഉപകരണം തിരിച്ചറിയും എന്നാണ് പഠനത്തിന് നേത‍ൃത്വം നല്‍കിയ ഡോ. അലസാണ്ടര്‍ ക്ലര്‍ക്ക് പറയുന്നത്.

ഗ്ലാസിലാണ് ഈ ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ 2 ദശലക്ഷം കൃത്രിമ രസമുകുളങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. മനുഷ്യന്‍റെ നാവിലെ രസമുകുളങ്ങളെക്കാള്‍ 500 മടങ്ങ് ചെറുതാണ് ഈ കൃത്രിമ രസമുകുളങ്ങള്‍. ഇവയ്ക്ക് 100 നാനോ മീറ്റര്‍ മാത്രമാണ് നീളം.