കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 'ഇഡ്ഡലി ദിന'ത്തെ കുറിച്ച് ട്വീറ്റ് ചെയ്ത ശശി തരൂരിന് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോള്‍. രാജ്യം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷണം മിതമായ രീതിയില്‍ ഉപയോഗിച്ച് മാതൃകയാകേണ്ട നേതാവ്, മൂന്ന് ഇഡ്ഡലി കഴിക്കാന്‍ പത്ത് തരം കറികള്‍ എടുത്തിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോള്‍. 

'എന്നെ സംബന്ധിച്ച് എല്ലാ ദിവസവും ഇഡ്ഡലി ദിനമാണ്. പക്ഷേ ഇന്ന് മാര്‍ച്ച് 30 ഔദ്യോഗികമായ ലോക ഇഡ്ഡലിദിനമാണ്. ദൈവമായിട്ടോ മനുഷ്യനായിട്ടോ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും മഹത്തരമായ പ്രഭാതഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് എനിക്ക് തോന്നുന്നത്'- ഇതായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഒപ്പം തന്നെ ഒരു ചിത്രവും പങ്കുവച്ചിരുന്നു. മൂന്ന് ഇഡ്ഡലി വച്ച പാത്രവും കൂടെ സാമ്പാറും ചമ്മന്തിപ്പൊടിയുമടക്കം പത്ത് തരം കറികളുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 

മൂന്ന് ഇഡ്ഡലി കഴിക്കാന്‍ ഇത്രയധികം കറികള്‍ ആവശ്യമില്ലെന്നും നിലവില്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയെ കരുതിയെങ്കിലും ഈ ധാരാളിത്തം ഒഴിവാക്കാമായിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് പ്രധാന വിമര്‍ശനം. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം ഇഡ്ഡലിയെ വാഴ്ത്തിക്കൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.