Asianet News MalayalamAsianet News Malayalam

ഇഡ്ഡലിയെ ചൊല്ലി ട്വിറ്ററിൽ പോര്; വാളെടുത്ത് ശശി തരൂരും...

ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം, എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ അത് ഇഷ്ടപ്പെടുന്നത് എന്ന് നിങ്ങള്‍ക്ക് അതിശയം തോന്നിയ ഒരു ഭക്ഷണത്തിന്റെ പേര് പങ്കുവയ്ക്കാന്‍ പറഞ്ഞുകൊണ്ടായിരുന്നു 'സൊമാറ്റോ ഇന്ത്യ'യുടെ ട്വീറ്റ്. ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും 'ബോറിംഗ്' ആയ ഭക്ഷണമാണ് ഇഡ്ഡലി എന്ന ഉത്തരവുമായി അധ്യാപകനും ചരിത്രകാരനുമായ എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു
 

shashi tharoors twitter fight for idli
Author
Trivandrum, First Published Oct 8, 2020, 12:08 AM IST

പൊതുവില്‍ ദക്ഷിണേന്ത്യക്കാരുടെയെല്ലാം ഇഷ്ടഭക്ഷണമാണ് ഇഡ്ഡലി. മലയാളികളുടെ അടുക്കളകളിലും നിത്യസാന്നിധ്യമാണ് ഇഡ്ഡലി. നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഒരു ഭാഗം എന്ന് പറയാന്‍ കഴിയുന്നത് കൊണ്ട് തന്നെ ഇഡ്ഡലിയോടുള്ള ഇഷ്ടം പലര്‍ക്കും ഗൃഹാതുരതയും വൈകാരികമായ അടുപ്പവും കൂടിയാണ്. 

ഇത്തരത്തിലെല്ലാം നാം ഇഷ്ടപ്പെടുന്ന ഒരു വിഭവത്തെ ആരെങ്കിലും ചാടിക്കയറി അപമാനിക്കാന്‍ ശ്രമിച്ചാലോ! ഇഡ്ഡലി പ്രിയരായവര്‍ അതങ്ങനെ വെറുതെ വിടുമോ!

ഇതാ, ഇതുതന്നെയാണ് ട്വിറ്ററില്‍ ഇപ്പോള്‍ ഇഡ്ഡലിക്ക് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന ഒരു വാക്‌പോരിനും ആധാരം. 'സൊമാറ്റോ ഇന്ത്യ'യുടെ ഒരു ട്വീറ്റാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. 

ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം, എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ അത് ഇഷ്ടപ്പെടുന്നത് എന്ന് നിങ്ങള്‍ക്ക് അതിശയം തോന്നിയ ഒരു ഭക്ഷണത്തിന്റെ പേര് പങ്കുവയ്ക്കാന്‍ പറഞ്ഞുകൊണ്ടായിരുന്നു 'സൊമാറ്റോ ഇന്ത്യ'യുടെ ട്വീറ്റ്. 

ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും 'ബോറിംഗ്' ആയ ഭക്ഷണമാണ് ഇഡ്ഡലി എന്ന ഉത്തരവുമായി അധ്യാപകനും ചരിത്രകാരനുമായ എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് വൈകാതെ തന്നെ ദക്ഷിണേന്ത്യക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇഡ്ഡലിയെ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് വാദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

 

 

കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഈ വാക്‌പോരില്‍ പങ്കുകൊണ്ടിരിക്കുകയാണിപ്പോള്‍. ശശി തരൂരിന്റെ ഇഡ്ഡലി പ്രേമം ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇഡ്ഡലി ദിനത്തില്‍ പതിവായി തന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ച് എന്തെങ്കിലും കുറിക്കാനും, ചിത്രങ്ങള്‍ പങ്കുവയ്ക്കാനുമെല്ലാം ശ്രദ്ധിക്കുന്നയാളാണ് ശശി തരൂര്‍. 

ആന്‍ഡേഴ്‌സണിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് മകന്‍ ഇഷാന്‍ തരൂര്‍ ഉയര്‍ത്തിയ വിമര്‍ശനമാണ് ശശി തരൂരും ഏറ്റുപിടിച്ചിരിക്കുന്നത്. സംസ്‌കാരത്തെ മനസിലാക്കുക എളുപ്പമല്ലെന്നും ആന്‍ഡേഴ്‌സണെ പോലെ ഒരാളോട് തനിക്ക് തോന്നുന്നത് അനുതാപമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മറുപടിയുമായി വൈകാതെ ആന്‍ഡേഴ്‌സണ്‍ എത്തി. 

 

 

ഇഷാന്റെ ട്വീറ്റിന് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രശസ്ത ഇഡ്ഡലിപ്രേമിയായ തരൂര്‍ തന്നെ പ്രതികരണവുമായി എത്തുമെന്ന് താന്‍ ഭയന്നിരുന്നുവെന്നും യാദൃശ്ചികമായി താനിപ്പോള്‍ തരൂരിന്റെ ഒരു പുസ്തകം പുനര്‍വായിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ആന്‍ഡേഴ്‌സണിന്റെ മറുപടി. 

എന്തായാലും ഇഡ്ഡലിയെ 'അപമാനിച്ച'തിന്റെ പേരില്‍ ആന്‍ഡേഴ്‌സണിനെ ചോദ്യം ചെയ്യാനെത്തിയ ദക്ഷിണേന്ത്യന്‍ ഭക്ഷണപ്രേമികള്‍ക്കെല്ലാം തരൂരിന്റെ ട്വീറ്റ് ആവേശമായിരിക്കുകയാണ്. ഇതിനിടെ ഇഡ്ഡലിയും പുട്ടും ഒഴികെയുള്ള മിക്കവാറും സൗത്തിന്ത്യന്‍ വിഭവങ്ങളും തനിക്ക് ഇഷ്ടമാണെന്നും ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Also Read:- 'ഇഡ്ഡലി ദിന'ത്തില്‍ 10 തരം കറികളുമായി ശശി തരൂര്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോള്‍...

Follow Us:
Download App:
  • android
  • ios