ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം തുടങ്ങിയവയെ ശമിപ്പിക്കാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും മഞ്ഞളിന് കഴിവുണ്ട്. 

നാം ഭക്ഷണങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത് കുര്‍കുമിന്‍ എന്ന രാസവസ്തുവാണ്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം തുടങ്ങിയവയെ ശമിപ്പിക്കാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും മഞ്ഞളിന് കഴിവുണ്ട്. 

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ സഹായിക്കും. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ സഹായകം ആണ്.

എന്നാല്‍ എന്തും അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. മഞ്ഞള്‍ കഴിക്കുന്നതിനും ഒരു അളവുണ്ട്. പ്രതിദിനം 500-2000 മില്ലിഗ്രാം മഞ്ഞളാണ് കഴിക്കേണ്ടത്. അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ വരാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യം അവതാളത്തിലാകാന്‍ കാരണമാകും. ഉയർന്ന അളവിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമിൻ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വയറിളക്കം, മലബന്ധം എന്നിവ ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകളിലേയ്ക്ക് നയിച്ചേക്കാം. 

രണ്ട്... 

മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ചിലരില്‍ തലവേദനയും തലകറക്കവും ഉണ്ടാക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

മൂന്ന്... 

അസിഡിറ്റി പ്രശ്നമുള്ളവര്‍ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കൂടാന്‍ കാരണമാകും. 

നാല്... 

അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ മിതമായ അളവില്‍ മാത്രം മഞ്ഞള്‍ ഉള്‍പ്പെടുത്തുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുതേ...

youtubevideo