Asianet News MalayalamAsianet News Malayalam

ബേക്ക് ചെയ്യേണ്ട; ഫ്രിഡ്ജില്‍ വച്ച് തയ്യാറാക്കുന്ന മാംഗോ ചീസ് കേക്ക്...

കേക്ക് ഉണ്ടാക്കുകയെന്നാല്‍ നമ്മളെക്കൊണ്ട് താങ്ങാനാകാത്ത പാചക പരീക്ഷണമാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ എളുപ്പത്തില്‍, ഒരുപാട് ചേരുവകളൊന്നുമില്ലാതെ ഉണ്ടാക്കാനാകുന്ന കേക്കുകളുമുണ്ട്. അത്തരത്തില്‍ 'ഈസി'യായി ചെയ്യാവുന്ന ഒരു കേക്കാണ് മാംഗോ ചീസ് കേക്ക്. ഇതിന് വേണ്ട പ്രധാന ചേരുവ, പേരില്‍ സൂചിപ്പിച്ച പോലെ തന്നെ മാമ്പഴമാണ്
simple method to prepare mango cheese cake
Author
Trivandrum, First Published Apr 13, 2020, 7:05 PM IST
കേക്കുകള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളാണെങ്കില്‍ അവിടെ തീര്‍ച്ചയായും കേക്കിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. മിക്കവാറും എല്ലാവരും തന്നെ കടകളില്‍ നിന്ന്, തയ്യാറാക്കിവച്ച കേക്ക് വാങ്ങിക്കുകയാണ് പതിവ്. എന്നാലിപ്പോള്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ അധികസമയം ലഭിക്കുന്നത് കേക്കില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ വിനിയോഗിക്കുന്നവരും ധാരാളമാണ്. 

കേക്ക് ഉണ്ടാക്കുകയെന്നാല്‍ നമ്മളെക്കൊണ്ട് താങ്ങാനാകാത്ത പാചക പരീക്ഷണമാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ എളുപ്പത്തില്‍, ഒരുപാട് ചേരുവകളൊന്നുമില്ലാതെ ഉണ്ടാക്കാനാകുന്ന കേക്കുകളുമുണ്ട്. അത്തരത്തില്‍ 'ഈസി'യായി ചെയ്യാവുന്ന ഒരു കേക്കാണ് മാംഗോ ചീസ് കേക്ക്. ഇതിന് വേണ്ട പ്രധാന ചേരുവ, പേരില്‍ സൂചിപ്പിച്ച പോലെ തന്നെ മാമ്പഴമാണ്.

ഇപ്പോഴാണെങ്കില്‍ മാമ്പഴത്തിന്റെ കാലവുമാണ്. നല്ല രുചിയും ഗുണമേന്മയുമുള്ള മാമ്പഴം കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. മാമ്പഴം കൂടാതെ ബിസ്‌കറ്റ് (12 എണ്ണം), ക്രീം ചീസ് (400 ഗ്രാം), കാസ്റ്റര്‍ ഷുഗര്‍ (തരി തീരെയില്ലാത്ത പഞ്ചസാര- ഒരു കപ്പ്), കപ്പ് ബട്ടര്‍ (അരക്കപ്പ്), ജെലാറ്റിന്‍ (ഒരു ടേബിള്‍ സ്പൂണ്‍) എന്നീ ചേരുവകളാണ് നമുക്ക് കേക്ക് തയ്യാറാക്കാന്‍ ആവശ്യമായി വരുന്നത്. ഈ ചേരുവകളെല്ലാം തന്നെ എളുപ്പത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സംഘടിപ്പിക്കാവുന്നതേയുള്ളൂ. 

ഇനിയിത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് പറയാം. ബേക്ക് ചെയ്യാതെ ഫ്രിഡ്ജില്‍ വച്ചാണ് ഇത് തയ്യാറാക്കുന്നത്. ആദ്യം ഒരു കവറിനകത്ത് ബിസ്‌കറ്റെടുത്ത് അത് ചപ്പാത്തി പരത്തുന്ന റോളിംഗ് പിന്‍ ഉപയോഗിച്ച് നന്നായി പൊടിച്ചെടുക്കാം. ഇനിയിതിലേക്ക് ഉരുക്കിയ ബട്ടര്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ശേഷം ഇത് ചതുരത്തിലുള്ള, കുറഞ്ഞത് ആറിഞ്ച് ഉയരം വരുന്ന ഒരു ഡിഷിലേക്ക് പരത്തിയിടാം. നന്നായി 'പാക്ക്ഡ്' ആയി വേണം ഇത് പരത്തിവയ്ക്കാന്‍. ഇതിനായി സ്പാച്ചുല കൊണ്ടോ കൈ കൊണ്ടോ അമര്‍ത്താവുന്നതാണ്.

ഇനി മൂന്ന് മാമ്പഴത്തിന്റെ പ്യൂരി തയ്യാറാക്കുക. എന്നിട്ട് ക്രീം ചീസിലേക്ക് ഇതും കാസ്റ്റര്‍ ഷുഗറും ചേര്‍ത്തിളക്കുക. ഇനിയിത് നന്നായി ബീറ്റ് ചെയ്‌തെടുക്കാം. ഒന്ന് ബീറ്റ് ചെയ്ത് നിര്‍ത്തുമ്പോള്‍ ഇതിലേക്ക് ജെലാറ്റിന്‍ ചേര്‍ക്കാം. വീണ്ടും ബീറ്റ് ചെയ്യണം. ഇനി ഈ മിശ്രിതം നേരത്തേ തയ്യാറാക്കി വച്ച ബിസ്‌കറ്റ് ബേസിലേക്ക് അടുത്ത ലെയറായി ചേര്‍ത്തുകൊടുക്കാം. ഇനിയിത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് കട്ടിയാക്കിയെടുക്കണം. 

മുറിച്ചെടുക്കുന്നതിന് മുമ്പായി അല്‍പം ഫ്രഷ് മാംഗോ പീസുകള്‍ മുകളില്‍ വയ്ക്കുക കൂടി ചെയ്താല്‍ നമ്മുടെ മാംഗോ ചീസ് കേക്ക് കിടിലനായി മാറും. ഇത്രയേ ഉള്ളൂ പണി. ഇനി ബേക്ക് ചെയ്യേണ്ട പാട് ഓര്‍ത്ത് കേക്കുണ്ടാക്കാതിരിക്കേണ്ട. എല്ലാവരും മാംഗോ ചീസ് കേക്ക് ചെയ്ത് നോക്കണേ...
Follow Us:
Download App:
  • android
  • ios