Asianet News MalayalamAsianet News Malayalam

Egg Masala : ഡിന്നറിന് തയ്യാറാക്കാം'നോര്‍ത്തി' സ്റ്റൈല്‍ എഗ് മസാല

മിക്കവരും ചപ്പാത്തിയാണ് ഡിന്നറിന് തെരഞ്ഞെടുക്കാറ്. ഇതിലേക്ക് എന്തെങ്കിലും കറിയോ സലാഡോ തയ്യാറാക്കുന്നതോടെ ഡിന്നറിന്‍റെ ജോലി തീര്‍ന്നു. 

simple recipe of egg masala for dinner
Author
Trivandrum, First Published Jun 8, 2022, 8:20 PM IST

തിരക്കിട്ട ഒരു ദിവസം തീരുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഒപ്പം സ്വസ്ഥമായി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് കഴിക്കുന്ന ഏക സമയവും ഒരുപക്ഷേ അത്താഴത്തിനായിരിക്കും. എന്നാല്‍ ജോലിയുള്ളവരാണെങ്കില്‍ ജോലിദിവസങ്ങളില്‍ ഡിന്നര്‍ തയ്യാറാക്കാന്‍ ( Dinner Dishes ) എളുപ്പമാര്‍ങ്ങള്‍ തന്നെയാണ് തേടുക. 

മിക്കവരും ചപ്പാത്തിയാണ് ഡിന്നറിന് തെരഞ്ഞെടുക്കാറ്. ഇതിലേക്ക് എന്തെങ്കിലും കറിയോ സലാഡോ തയ്യാറാക്കുന്നതോടെ ഡിന്നറിന്‍റെ ജോലി തീര്‍ന്നു. എന്നാല്‍ ഇടയ്ക്കെങ്കിലും അല്‍പം വ്യത്യസ്തമായ രുചികള്‍ പരീക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ ഡിന്നര്‍ ( Dinner Dishes ) വിരസമായി തോന്നിത്തുടങ്ങാം. 

അതിനാല്‍ തന്നെ വ്യത്യസ്തമായ ഒരു നോര്‍ത്തി സ്റ്റൈല്‍ എഗ് മസാലയാണ് ( Egg Masala ) ഇനി പരിചയപ്പെടുത്തുന്നത്. ചപ്പാത്തിക്കോ ദോശയ്ക്കോ ബ്രഡിനോ ഒപ്പമെല്ലാം കഴിക്കാവുന്നൊരു കറിയാണിത്. എങ്ങനെയാണിത് തയ്യാറാക്കുന്നത് എന്ന് നോക്കാം. 

ആവശ്യമായത്രയും മുട്ട ആദ്യം തന്നെ പുഴുങ്ങിവയ്ക്കാം. എരിവിനും രുചിക്കും അനുസരിച്ച് മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി, കശ്മീരി ചില്ലി, പച്ചമുളക്, കായം, ഉലുവ,ജീരകം, കടുക്, മല്ലിയില, ഉപ്പ്, കുക്കിംഗ് ഓയില്‍ എന്നിവ വേണം. 

ഇനിയിത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം പുഴുങ്ങിയ മുട്ടയില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ്, ജീരകപ്പൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ യോജിപ്പിച്ചെടുത്ത മസാല തേച്ച് പിടിപ്പിച്ച ശേഷം ഡീപ് ഫ്രൈ ചെയ്തെടുക്കണം. ഫ്രൈ ചെയ്തെടുത്ത മുട്ടയില്‍ നിന്ന് അധികമുള്ള എണ്ണ അബ്സോര്‍ബന്‍റ് പേപ്പര്‍ വച്ച് മാറ്റാം. ഇനി ഈ മുട്ടകള്‍ പകുതിയായി മുറിച്ചുവയ്ക്കാം. 

അടുത്ത ഘട്ടത്തില്‍ ഒരു പാനില്‍ എണ്ണയൊഴിച്ച് ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റിയെടുക്കണം. ഇതിലേക്ക് ജീരകം കായ എന്നിവ ചേര്‍ക്കുക. എല്ലാം നന്നായി വഴറ്റിക്കിട്ടിയ ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി ഉപ്പ് എന്നിവ ചേര്‍ക്കുക. ഇനിയിതിലേക്ക് തക്കാളി ചേര്‍ക്കാം. തക്കാളിയും നന്നായി വഴണ്ടുവരുമ്പോള്‍ വെള്ളം ചേര്‍ക്കാം. അധികം വെള്ളം ചേര്‍ക്കേണ്ടതില്ല. 

എല്ലാം നന്നായി വെന്ത് യോജിച്ച് വരുമ്പോള്‍ ഇതിലേക്ക് മുട്ട ചേര്‍ക്കാം. മുട്ട മസാലയുമായി ചേര്‍ന്നുവരാന്‍ അല്‍പം സമയം കൊടുക്കാം. ഇനി, ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി അതിലേക്ക് കടുക്,  കശ്മീരി ചില്ലി പൗഡര്‍, ഉലുവ, ജീരകം എന്നിവ ചേര്‍ത്ത് ചൂടാക്കി നേരത്തേ തയ്യാറാക്കി വച്ച കറിയുടെ മുകളിലേക്കായി ചേര്‍ത്തുകൊടുക്കുക. മുകളില്‍ മല്ലിയിലയും വിതറാം. സ്വാദിഷ്ടമായ എഗ് മസാല ( Egg Masala ) തയ്യാര്‍. 

Also Read:- വൈകീട്ട് സ്നാക്ക് ആയി കഴിക്കാന്‍ രുചികരമായ ചന്ന കെബാബ്...

Follow Us:
Download App:
  • android
  • ios