Asianet News MalayalamAsianet News Malayalam

രുചികരമായ ഉരുളക്കിഴങ്ങ് കുൽച്ച വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ; റെസിപി

കുൽച്ച എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. നമ്മുടെ വീടുകളിൽ നിത്യവും ഉപയോഗിക്കുന്ന ചേരുവകളാണ് ഇതിന് ആവശ്യമായി വരുന്നത്. ഇത് തയ്യാറാക്കുന്നതിനും വലിയ ബുദ്ധിമുട്ടില്ല.

simple recipe of north indian style aloo kulcha
Author
First Published Sep 16, 2022, 6:05 PM IST

കുൽച്ച യഥാർത്ഥ്യത്തിൽ ഒരു വടക്കേ ഇന്ത്യൻ വിഭവമാണ്. എങ്കിലും ഇന്ന് മലയാളികൾക്കിടയിലും കുൽച്ചയ്ക്ക് ഏറെ ആരാധകരുണ്ട്. എന്നാൽ മിക്കവരും ഇത് റെസ്റ്റോറന്‍റുകളിൽ നിന്നോ ധാബകളിൽ നിന്നോ എല്ലാമാണ് വാങ്ങിക്കാറ്. പലർക്കും ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കില്ല എന്ന ചിന്തയാണ്. 

കുൽച്ച എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. നമ്മുടെ വീടുകളിൽ നിത്യവും ഉപയോഗിക്കുന്ന ചേരുവകളാണ് ഇതിന് ആവശ്യമായി വരുന്നത്. ഇത് തയ്യാറാക്കുന്നതിനും വലിയ ബുദ്ധിമുട്ടില്ല. ഇനി ഉരുളക്കിഴങ്ങ് കൂടി ചേർത്തിട്ടുള്ള ആലൂ കുൽച്ചയാണ് തയ്യാറാക്കുന്നതെങ്കിൽ അതിന് കൂടെ കഴിക്കാൻ അച്ചാറോ തൈരോ തന്നെ ധാരാളമാണ്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ആലൂ കുൽച്ച തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ...

മൈദ-  രണ്ട് കപ്പ് 
(ആവശ്യമെങ്കിൽ അൽപം ആട്ടയും ചേർക്കാം ) 
ബേക്കിംഗ് പൌഡർ  - അര ടീസ്പൂൺ 
പഞ്ചസാര  - രണ്ട് ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
ഓയിൽ - ആവശ്യത്തിന്
തൈര്  - മൂന്ന് ടേബിൾ സ്പൂൺ

ഉരുളക്കിഴങ്ങ്
പച്ചമുളക്
സവാള
മുളകുപൊടി
ഗരം മസാലപ്പൊടി
ചാട്ട് മസാല
മല്ലിയില

തയ്യാറാക്കുന്ന വിധം

ആദ്യം സൂചിപ്പിച്ചത് പോലെ മാവിന് വേണ്ടിയുള്ള ചേരുവകളേ അളവനുസരിച്ച് പറഞ്ഞിട്ടുള്ളൂ. മസാല ഇഷ്ടാനുസരണം തയ്യാറാക്കാം. മാവിനാണെങ്കിൽ പറഞ്ഞിരിക്കുന്ന അളവിൽ മൈദയെടുത്ത് ഇതിലേക്ക് ഉപ്പ്, പഞ്ചസാര, ബേക്കിംഗ് പൌഡർ,തൈര് എന്നിവ ചേർത്ത് അൽപം ഓയിലും തൂകി യോജിപ്പിച്ചെടുക്കാം. ഇനി വെള്ളം ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കാം. 

മാവ് പരുവമായാൽ ഇത് ഉരുട്ടി അൽപം ഓയിൽ കൂടി മുകളിൽ പുരട്ടി നനഞ്ഞ ഒരു കോട്ടൺ തുണി വച്ച് മുപ്പത് മിനുറ്റോളം മൂടി വയ്ക്കാം. 

ഈ നേരം കൊണ്ട് ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം. ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുക്കണം. ഇനി ഇതിലേക്ക് ഉപ്പും മുളകുപൊടിയും മസാലപ്പൊടികളും പച്ചമുളകും സവാളയും മല്ലിയിലയും ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി യോജിപ്പിക്കുക. 

നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവെടുത്ത് ചെറിയ ഉരുളകളാക്കി മാറ്റാം. ഇത് ചെയ്യുന്നതിന് മുമ്പായി മാവ് മുഴുവനായി കൈ കൊണ്ട് ചതുരാകൃതിയിൽ പരത്തി ഉള്ളിൽ രണ്ടുമൂന്ന് ലെയറുകളിലായി ബട്ടർ വച്ച് മടക്കി മടക്കിയെടുത്ത് നീളത്തിലാക്കിയ ശേഷം റോളുകളാക്കാം. ഇത് ടേസ്റ്റും സോഫ്റ്റ്നെസും കൂട്ടാൻ സഹായിക്കും. അല്ലെങ്കിൽ നേരിട്ട് തന്നെ മാവ് ഉരുളകളാക്കാം. ഈ ഉരുളകളും നനഞ്ഞൊരു തുണി വച്ച് പതിനഞ്ച്- ഇരുപത് മിനുറ്റ് നേരത്തേക്ക് വയ്ക്കുന്നത് നല്ലതാണ്. 

ഇനിയിത് കൈ കൊണ്ട് തന്നെ പരത്തിയെടുത്ത് അകത്ത് ഉരുളക്കിഴങ്ങ് ഫില്ലിംഗ് വച്ച് മാവ് സീൽ ചെയ്തെടുക്കുക. ശേഷം പതിയെ കൈ കൊണ്ട് തന്നെ ഇത് പരത്തിയെടുക്കാവുന്നതേയുള്ളൂ. ഇടയ്ക്കിടെ പൊടി വിതറിയില്ലെങ്കിൽ മാവ് ഒട്ടിപ്പോകും. പരത്തിക്കഴിഞ്ഞാൽ മുകൾഭാഗത്ത് മല്ലിയിലയും എള്ളുമെല്ലാം വയ്ക്കാവുന്നതാണ്.

ഇത് ചുട്ടെടുക്കുമ്പോൾ ചട്ടിയിൽ വയ്ക്കുന്ന ഭാഗത്ത് നന്നായി വെള്ളം പുരട്ടിക്കൊടുക്കണം. എന്നിട്ട് ഇത് ചട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന സമയത്ത് ചട്ടി തിരിച്ചുപിടിച്ച് തീയിൽ കാണിച്ചാണ് മുകൾഭാഗം വേവിച്ചെടുക്കേണ്ടത്. നന്നായി പാകമാകുമ്പോൾ ബട്ടറോ നെയ്യോ പുരട്ടുന്നതും സ്വാദ് കൂട്ടും. കിടിലനൊരു റെയ്ത്തയുണ്ടെങ്കിൽ തന്നെ ഇതിന് കൂട്ടത്തിൽ വേറൊന്നും വേണമെന്നില്ല. അല്ലെങ്കിൽ ചന മസാലയോ, രാജ്മയോ എല്ലാം നല്ല കോംബോ തന്നെ.

Also Read:- ഉരുളക്കിഴങ്ങ് ചിപ്സ് ബോറടിച്ചെങ്കില്‍ ഇങ്ങനെ കഴിച്ചുനോക്കൂ...

Follow Us:
Download App:
  • android
  • ios