വേനല്‍ക്കാലത്ത് 'ഡിമാന്‍ഡ്' കൂടുന്നൊരു പ്രധാന പച്ചക്കറിയാണ് കക്കിരി. സലാഡ് വെള്ളരി എന്ന് കൂടി അറിയപ്പെടുന്ന ഇതില്‍ 95 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വേനലില്‍ ഇത് പ്രിയപ്പെട്ടതാകുന്നതും. ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നതിന് പുറമെ, നമുക്ക് വേണ്ട പല അവശ്യഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. 

വിറ്റാമിന്‍-എ, വിറ്റാമിന്‍-കെ, വിറ്റാമിന്‍-സി, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന ഫൈബറുമെല്ലാം കക്കിരിയുടെ പ്രത്യേകതകളാണ്. ഇവയെല്ലാം നമുക്ക് അവശ്യം വേണ്ട ഘടകങ്ങള്‍ തന്നെ. 

മിക്കവാറും സലാഡ് ആയോ അല്ലെങ്കില്‍ വെറുതെ മുറിച്ച് കഷ്ണങ്ങളാക്കിയോ ആണ് നമ്മള്‍ കക്കിരി കഴിക്കാറ്, അല്ലേ? അതല്ലെങ്കില്‍ ചെറുനാരങ്ങയോ തേനോ ഒക്കെ ചേര്‍ത്ത് ജ്യൂസാക്കി കഴിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്ന്, അല്‍പം 'വറൈറ്റി' ആയി കക്കിരി കൊണ്ടുണ്ടാക്കുന്ന ഒരു അച്ചാര്‍ പരിചയപ്പെട്ടാലോ? 

വളരെ 'സിമ്പിള്‍' ആയി വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ആകെ വേണ്ടത് കക്കിരി, ക്യാരറ്റ്, വിനാഗിരി, പഞ്ചസാര,  കുരുമുളകുപൊടി, ഉപ്പ് എന്നിവ മാത്രം. ഇനിയിത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. സാധാരണഗതിയില്‍ നമ്മള്‍ അച്ചാറുണ്ടാക്കുമ്പോള്‍, അത് എന്ത് വച്ചായാലും ചെറുതായി മുറിച്ചാണ് തയ്യാറാക്കുന്നത്. എന്നാലിത് അല്‍പം വ്യത്യസ്തമാണ്.

Also Read:- വേനലിലെ 'സ്‌കിന്‍' പ്രശ്‌നങ്ങള്‍ വീട്ടില്‍ പരിഹരിക്കാം; തയ്യാറാക്കാം അല്‍പം ജ്യൂസ്...

മുഴുനീളത്തില്‍ തൊലി ചുരണ്ടിയപാടെയാണ് ഇത് അച്ചാറാക്കുന്നത്. തൊലി കളഞ്ഞ കക്കിരിയും ക്യാരറ്റും (ആവശ്യാനുസരണം എടുക്കാം) രാത്രിയില്‍ ഒരു വലിയ ജാറില്‍ നിറച്ചുവച്ച വെള്ളത്തില്‍ മുക്കിവയ്ക്കണം. രാവിലെ ഇതിലെ വെള്ളം നന്നായി ഊറ്റിക്കളഞ്ഞ ശേഷം ഇവ, വിനാഗിരിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഒന്ന് വേവിക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും ചേര്‍ക്കാം. ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി എന്നിവ ഇഷ്ടാനുസരണമാണ് ചേര്‍ക്കേണ്ടത്. 

ഒരുപാട് നാളത്തേക്ക് ഈ 'പിക്കിള്‍ഡ് കുക്കുംബര്‍' ഉപയോഗിക്കാം. വളരെ രുചികരവും അതേസമയം വ്യത്യസ്തവുമാണ് ഈ അച്ചാര്‍. 

Also Read:- അടുക്കളത്തോട്ടത്തില്‍ ചുരയ്ക്കയും സാലഡ് വെള്ളരിയും വളര്‍ത്താം...