Asianet News MalayalamAsianet News Malayalam

Chutney Recipe : തയ്യാറാക്കാം കിടിലൻ തേങ്ങാ ചട്ണി; കേടാകാതെ സൂക്ഷിക്കാം ദിവസങ്ങളോളം

തേങ്ങ കൊണ്ട് തയ്യാറാക്കുന്ന ചട്ണി എങ്ങനെയാണ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കുകയെന്ന് ഒരുപക്ഷെ നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. തീര്‍ച്ചയായും ഫ്രീസറില്‍ വച്ചുതന്നെയാണ് ഇത് സൂക്ഷിക്കുന്നത്. എന്നാല്‍ ഇത് തയ്യാറാക്കുന്നത് അല്‍പം വ്യത്യസ്തമായ രീതിയിലാണെന്ന് മാത്രം. 

simple recipe of south indian chutney that can preserve for a month
Author
Trivandrum, First Published Aug 22, 2022, 8:52 AM IST

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശയോ ഇഡ്ഡലിയോ പൂരിയോ എല്ലാമാണെങ്കില്‍ അതിന്‍റെ കൂട്ടത്തില്‍ അല്‍പം തേങ്ങാ ചട്ണിയുണ്ടെങ്കില്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ ചപ്പാത്തിക്കും അപ്പത്തിനുമെല്ലാം ഒപ്പം തേങ്ങാ ചട്ണി കഴിക്കാറുണ്ട്. ദക്ഷിണേന്ത്യൻ ബ്രേക്ക്ഫാസ്റ്റുകളിലെല്ലാം തന്നെ തേങ്ങാ ചട്ണി ഒഴിച്ചുകൂടാനാകാത്തൊരു വിഭവമാണെന്ന് പറയാം.

എന്നാല്‍ എല്ലാ ദിവസവും രാവിലെ തേങ്ങാ ചട്ണിയുണ്ടാക്കുകയെന്നാല്‍ അത് എല്ലാവര്‍ക്കും പ്രായോഗികമാകണമെന്നില്ല. ജോലിക്ക് പോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ഇത് എപ്പോഴും തയ്യാറാക്കാൻ സാധിക്കണമെന്നില്ല. അങ്ങനെയെങ്കില്‍ ചട്ണി ഒന്നിച്ച് തയ്യാറാക്കി ഏറെ നാളത്തേക്ക് സൂക്ഷിക്കാനായാലോ!

തേങ്ങ കൊണ്ട് തയ്യാറാക്കുന്ന ചട്ണി എങ്ങനെയാണ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കുകയെന്ന് ഒരുപക്ഷെ നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. തീര്‍ച്ചയായും ഫ്രീസറില്‍ വച്ചുതന്നെയാണ് ഇത് സൂക്ഷിക്കുന്നത്. എന്നാല്‍ ഇത് തയ്യാറാക്കുന്നത് അല്‍പം വ്യത്യസ്തമായ രീതിയിലാണെന്ന് മാത്രം. 

ആദ്യം ഇതിനാവശ്യമായ ചേരുവകള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. തേങ്ങ, പച്ചമുളക്, ഇഞ്ചി, പുതിനയില, മല്ലിയില, കറിവേപ്പില, പച്ചക്കപ്പലണ്ടി, പൊട്ടുകടല, ചെറിയ പരിപ്പ്, കറിപ്പുളി എന്നിവയാണ് ഈ ചട്ണി തയ്യാറാക്കാൻ ആകെ വേണ്ടത്. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുകയെന്ന് കൂടി നോക്കാം.

ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് ഒരു കപ്പ് പച്ചക്കപ്പലണ്ടി ചേര്‍ത്ത് വറുത്തെടുക്കുക. ഇത് നല്ലരീതിയില്‍ വറുക്കേണ്ട, അതിന് മുമ്പായി തന്നെ നെടുകെ കീറിയ പച്ചമുളക് ചേര്‍ക്കണം. ഇതൊന്ന് ഇളക്കിയ ശേഷം അല്‍പം കറിവേപ്പില ചേര്‍ക്കുക. ഇതും ഒന്ന് ഇളക്കി ചൂടാക്കിയ ശേഷം ഒരുപിടി പുതിനയില ചേര്‍ക്കാം. പുതിനയിലയും ഒന്ന് ഇളക്കിക്കൊടുത്ത് ഇതിലേക്ക് ഇഞ്ചി ചേര്‍ക്കാം. ഇഞ്ചിയും പച്ചമുളകുമെല്ലാം ഇഷ്ടാനുസരണം ചേര്‍ക്കാം. ഇത് ഒന്നുകൂടി ഇളക്കിയ ശേഷം രണ്ടോ മൂന്നോ വലിയ ടീസ്പൂണ്‍ പൊട്ടുകടലയും ഇതിലേക്ക് ചേര്‍ക്കണം. 

ഇനിയിതിലേക്ക് ചെറുനാരങ്ങാ വലുപ്പത്തില്‍ കറിപ്പുളിയാണ് ചേര്‍ക്കേണ്ടത്. കറിപ്പുളിയില്ലാത്തവര്‍ക്ക് അവസാനം ചെറുനാരങ്ങാനീരും ചേര്‍ക്കാം. എങ്കിലും പുളിയാണ് നല്ലത്. പുളി പേസ്റ്റ് ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. അവസാനമായി ഇതിലേക്ക് കൊത്തിനുറുക്കി വച്ചിരിക്കുന്ന ഒരു മുറി തേങ്ങ കൂടി ചേര്‍ത്ത് ഒന്ന് ഇളക്കിയെടുക്കണം. ഇത് നല്ലതുപോലെ വറുക്കേണ്ട കാര്യമില്ല. 

തീ ഓഫ് ചെയ്ത് ഇവയെല്ലാം ഒന്ന് ആറാൻ വയ്ക്കാം. ആറിയ ശേഷം മിക്സിയില്‍ അല്‍പം മല്ലിയിലയും ഉപ്പും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കാം. അല്‍പം തിക്ക് ആയ രീതിയിലാണ് ഇത് ചെയ്തെടുക്കേണ്ടത്. അരച്ച ശേഷം ഇതിലേക്ക് കടുകും കറിവേപ്പിലയും ചുവന്ന മുളകും ചെറിയ പരിപ്പും എണ്ണയില്‍ വറുത്തെടുത്ത് ചേര്‍ക്കാം. 

ഇനിയിത് എങ്ങനെയാണ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എന്നുകൂടി അറിയാം. ഐസ് ക്യൂബ്സ് തയ്യാറാക്കുന്ന ട്രേയില്‍ ഓരോ കള്ളികളിലുമായി ചട്ണി ഒഴിച്ചുവച്ച് അതിനെ കട്ടിയാക്കി എടുക്കണം. ശേഷം ഈ ക്യൂബുകള്‍ എയര്‍ ടൈറ്റായിട്ടുള്ള പ്ലാസ്റ്റിക് ബാഗിലാക്കി സീല്‍ ചെയ്ത് ഫ്രീസറില്‍ വയ്ക്കണം. ആവശ്യാനുസരണം ഇത് തണുപ്പ് വിടുവിച്ച് എടുക്കാം. ഒരു മാസം വരെ ഇങ്ങനെ ചട്ണി കേടാകാതെ സൂക്ഷിക്കാമെന്നാണ് ഫുഡ് വ്ളോഗറായ പരുള്‍ അവകാശപ്പെടുന്നത്. പരുള്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ കാണാം...

 

Also Read:- രാത്രിയിലെ ചപ്പാത്തി ബാക്കിയുണ്ടോ? ഇതുവച്ച് എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം...

Follow Us:
Download App:
  • android
  • ios