ഉപ്പ് ഒരല്പം കുറഞ്ഞു പോയി എന്ന ഒറ്റ കാരണത്താൽ ഭക്ഷണം പോലും കഴിക്കാതിരുന്നവരുണ്ടാകും. എന്നാൽ ഉപ്പിന്റെ അളവ് കൂടുതലായി നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ അളവിലുള്ള ഉപ്പിന്റെ ആവശ്യമേയുള്ളൂ. ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല. അത് രക്തസമ്മര്‍ദ്ദത്തെ പോലും ബാധിക്കാം. കൂടാതെ അത് പ്രതിരോധശേഷിയെയും മോശമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

 

അങ്ങനെയെങ്കില്‍,  ഉപ്പിന്‍റെ അമിത ഉപയോഗം എങ്ങനെ കുറയ്ക്കാം? ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പങ്കുവയ്ക്കുന്ന ഈ ടിപ്സ് നോക്കാം...

ഒന്ന്...

ഉപ്പിന് പകരം ഭക്ഷണത്തില്‍ നാരങ്ങയോ ജീരകമോ കുരുമുളക് പൊടിയോ ചേര്‍ക്കാം എന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. 

 

രണ്ട്...

ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഉപ്പ് ചേര്‍ക്കുന്നതിന് പകരം ഏറ്റവും  ഒടുവില്‍ ചേര്‍ക്കാം. ഇത് ഭക്ഷണത്തില്‍ ഉപ്പ് കൂടാതിരിക്കാന്‍ സഹായിക്കുമെന്നും എഫ്എസ്എസ്എഐ പറയുന്നു. 

 

മൂന്ന്...

അച്ചാര്‍, പപ്പടം, സോസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ പൊതുവേ ഉപ്പിന്‍റെ ഉപയോഗം കൂടുതലാണ്. അതിനാല്‍ അത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കാം.

 

നാല്...

ചോറ്, ദോശ, റൊട്ടി, പൂരി എന്നിവ തയ്യാറാക്കുമ്പോള്‍ ഉപ്പ് ഉപയോഗിക്കരുത്. കറിയിലെ ഉപ്പ് തന്നെ ധാരാളമാണ്. 

 

ഇനി കറിയില്‍ ഉപ്പ് നന്നായി കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം...

  • ഉപ്പ് കൂടിയാല്‍ അല്‍പ്പം തേങ്ങപാല്‍ ചേര്‍ക്കാം.
  • ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ കറിയില്‍ രുചി ക്രമീകരിക്കപ്പെടും.
  • ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
  • ഉപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ക്കാം. 
  • ഒരു തക്കാളി ചേര്‍ത്താലും ഉപ്പ് കുറഞ്ഞ് കിട്ടും.
  • സവാള വട്ടത്തില്‍ അരിഞ്ഞത് ചേര്‍ത്താല്‍ ഉപ്പ് കുറഞ്ഞ് കിട്ടും.

 

Also Read: സ്ത്രീകളെ, പഞ്ചസാര അധികം വേണ്ട; പഠനം പറയുന്നത്...