Asianet News MalayalamAsianet News Malayalam

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതിന്‍റെ ആറ് കാരണങ്ങള്‍...

നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും  അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും  ഇത് ഗുണം ചെയ്യുന്നു. 

Six reasons to boost fiber in our meals
Author
First Published Sep 12, 2022, 1:24 PM IST

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും  അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും  ഇത് ഗുണം ചെയ്യുന്നു. 

നാരുകൾ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗ്ലൈസമിക് ഇന്‍ഡക്സും (GI) കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈരമായി കഴിക്കാം. 

രണ്ട്...

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൃത്യമായ മലശോധന ഉറപ്പുവരുത്താന്‍ സഹായിക്കും. മലബന്ധം വരാതിരിക്കാന്‍ ഇവ സഹായിക്കും. 

മൂന്ന്...

നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും സഹായിക്കും. അതിനാല്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ തെരഞ്ഞെടുത്ത് കഴിക്കാം. 

നാല്...

നാരുകള്‍  അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ നാരുകൾ കൂടുതല്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫൈബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുമുണ്ട്.  

അഞ്ച്...

രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ആറ്...

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ ഹൃദയാഘാതം താരതമ്യേന കുറവായാണ് കാണുന്നത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഫൈബർ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...

ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളില്‍ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. അതുപോലെ, പയര്‍വര്‍ഗങ്ങളായ   കടല, ചെറുപയര്‍, സോയ പയര്‍, മുതിര എന്നിവയിലും സ്ട്രോബെറി, അവക്കാഡോ, ആപ്പിള്‍, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം നെല്ലിക്ക, മുന്തിരി എന്നീ പഴങ്ങളിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍, ഓട്സ്,  നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക് , റാഗി, ബാര്‍ലി , ചോളം, ബദാം എന്നിവയിലും ഫൈബര്‍ അടങ്ങിയിരിക്കുന്നു. 

Also Read: ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios