കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രകടമായ മാറ്റമാണ് മലയാളികളുള്‍പ്പെടെയുള്ളവരുടെ ഭക്ഷണരീതിയില്‍ കാണാനാകുന്നത്. പുറത്തുനിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള പരിമിതി കൊണ്ടും സാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടും വീടിന് ചുറ്റുപാട് നിന്നുമായി ലഭിക്കുന്ന ചക്ക, മാങ്ങ, ചേമ്പ് പോലുള്ള നാട്ടുരുചികളിലേക്ക് ആളുകള്‍ വ്യാപകമായി തിരിച്ചുപോകുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്. 

സോഷ്യല്‍ മീഡിയ നിരീക്ഷിച്ചാല്‍ തന്നെ ഈ മാറ്റം വളരെ പെട്ടെന്ന് മനസിലാകും. വീട്ടുവളപ്പില്‍ നിന്ന് കിട്ടുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് എങ്ങും. 

ഇക്കൂട്ടത്തില്‍ ചില വിഭവങ്ങള്‍ അസാധ്യ 'ഹിറ്റ്' ആയെന്ന് വേണം പറയാന്‍. അങ്ങനെയൊരു വിഭവമാണ് ചക്കക്കുരു ഷേക്ക്. പലരും ഇതെക്കുറിച്ച് കേള്‍ക്കുന്നത് പോലും ഇപ്പോഴാണ്. വളരെ രുചികരമായ ഒരു ഷേക്ക് ആണെന്നാണ് പരീക്ഷിച്ചവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അധികം ചേരുവകളും ആവശ്യമില്ല. 

ചക്കക്കുരു, പാല്‍, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയുണ്ടെങ്കില്‍ ഇത് തയ്യാറാക്കാവുന്നതേയുള്ളൂ.

ചക്കക്കുരു ഷേക്ക് തയ്യാറാക്കാന്‍...

വെളുത്ത തൊലി കളഞ്ഞ ചക്കക്കുരു, നേരിയതായി ഉപ്പ് ചേര്‍ത്ത ശേഷം നന്നായി വേവിച്ചെടുക്കണം. ശ്രദ്ധിക്കണം, ഇതിന്റെ ചുവന്ന തൊലി കളയേണ്ടതില്ല. വേവിക്കാന്‍ കുക്കര്‍ ഉപയോഗിക്കാവുന്നതാണ്. 

വെന്തുകഴിഞ്ഞാല്‍ ഇതൊന്ന് ചൂടാറിയ ശേഷം അല്‍പം പാല് ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം. രണ്ടാം ഘട്ടത്തില്‍ ഇതിലേക്ക് ്ല്‍പം കൂടി പാലും ആവശ്യമായത്ര പഞ്ചസാരയും ഐസും ചേര്‍ക്കം. വീണ്ടും നന്നായി അടിച്ചെടുക്കുക. മൂന്നാം ഘട്ടത്തില്‍ അല്‍പം ഏലയ്ക്കാത്തരി ചേര്‍ക്കാം. 

ചിലര്‍ ഇതിനൊപ്പം ബൂസ്‌റ്റോ ഹോര്‍ലിക്‌സോ ഒക്കെ ചേര്‍ക്കുന്നുണ്ട്. മറ്റ് ചിലരാണെങ്കില്‍ ബദാം പോലുള്ള നട്ട്‌സ്, അല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്‌സ് ഇതെല്ലാം ചേര്‍ക്കുന്നുണ്ട്. അതെല്ലാം ഇഷ്ടാനുസരണം ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ആവാം. എന്തായാലും രുചി മാത്രമല്ല, നല്ല 'ഹെല്‍ത്തി' കൂടിയാണ് ഈ ഷേക്ക് എന്നാണ് പൊതുവേ പറയപ്പെടുന്നത്.