Asianet News MalayalamAsianet News Malayalam

ഒരു ഓറഞ്ച് കൊണ്ട് ഒരു ലിറ്റര്‍ ജ്യൂസ്; സ്‌പെഷ്യല്‍ റെസിപ്പി വീഡിയോ കാണാം

ജ്യൂസുകളെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത് ഒരു 'സ്‌പെഷ്യല്‍' ജ്യൂസ് റെസിപ്പിയാണ്. ഒരേയൊരു ഓറഞ്ച് കൊണ്ട് ഒരു ലിറ്റര്‍ ജ്യൂസ് തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഓറഞ്ചിന് പുറമെ ചെറുനാരങ്ങ, പഞ്ചസാര എന്നിവയാണ് ഈ ജ്യൂസ് തയ്യാറാക്കാന്‍ ആവശ്യമായി വരുന്നത്

special orange juice recipe with video
Author
Trivandrum, First Published Mar 3, 2021, 3:29 PM IST

പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതിനെക്കാള്‍ മിക്കവര്‍ക്കും ഇഷ്ടം ജ്യൂസാക്കി കഴിക്കുന്നതിനാണ്. ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഴങ്ങളുടെ ഗുണമേന്മ ഭാഗികമായെങ്കിലും നഷ്ടപ്പെട്ട് പോകുന്നുണ്ട്. എങ്കിലും ജ്യൂസ് കഴിക്കുകയെന്നാല്‍ ആരോഗ്യത്തെ കുറിച്ചുള്ള ജാഗ്രതയെക്കാളധികം ഒരു സന്തോഷം കൂടിയാണ്. 

അങ്ങനെ ജ്യൂസുകളെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത് ഒരു 'സ്‌പെഷ്യല്‍' ജ്യൂസ് റെസിപ്പിയാണ്. ഒരേയൊരു ഓറഞ്ച് കൊണ്ട് ഒരു ലിറ്റര്‍ ജ്യൂസ് തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഓറഞ്ചിന് പുറമെ ചെറുനാരങ്ങ, പഞ്ചസാര എന്നിവയാണ് ഈ ജ്യൂസ് തയ്യാറാക്കാന്‍ ആവശ്യമായി വരുന്നത്. 

'കുക്കിംഗ് വിത്ത് രേഷു' എന്ന ഫേസ്ബുക്ക് പേജ് ജ്യൂസ് തയ്യാറാക്കുന്നത് വീഡിയോ സഹിതം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം തന്നെ റെസിപ്പി പരീക്ഷിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ നമ്മള്‍ ജ്യൂസ് തയ്യാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് ഇത് തയ്യാറാക്കുന്നതും. 

ആദ്യമായി ജ്യൂസ് തയ്യാറാക്കുന്നതിനായി ഒരു ഓറഞ്ച്, ഒരു ചെറുനാരങ്ങ, ഒരു കപ്പ് പഞ്ചസാര (അളവ് ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ) ഒരു ലിറ്റര്‍ വെള്ളം എന്നിവ എടുത്തുവയ്ക്കുക. 

ഓറഞ്ച് തൊലിയോടെ തന്നെ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശ്രദ്ധിക്കണം ഇതിലെ കുരു മുഴുവനായി നീക്കം ചെയ്തിരിക്കണം. ഓറഞ്ച് മുറിക്കുമ്പോള്‍ കുഴയാതിരിക്കാന്‍ നേരത്തേ ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. മുറിച്ചെടുത്ത ഓറഞ്ച് അധികം വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ നന്നായി കട്ടിയായി അരച്ചെടുത്ത്, ശേഷം അരിപ്പ വച്ച് നന്നായി അരിച്ചെടുത്ത് മാറ്റിവയ്ക്കാം. 

ഇനി എടുത്തുവച്ചിരിക്കുന്ന വെള്ളം ചൂടാക്കാന്‍ വയ്ക്കാം. ഇതിനൊപ്പം തന്നെ പഞ്ചസാര ചേര്‍ത്തുകൊടുത്ത് നന്നായി ഇളക്കണം. പഞ്ചസാര മുഴുവനായി വെള്ളത്തില്‍ അലിഞ്ഞുകഴിയുമ്പോള്‍ ഇതിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ക്കാം. ഇനി ഗ്യാസ് ഓഫ് ചെയ്ത് ഈ മിശ്രിതം ഒന്ന് തണുക്കാനായി കാത്തിരിക്കാം. തണുത്ത ശേഷം ഇതിലേക്ക് ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം തണുത്ത് കിട്ടാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

വീഡിയോ കാണാം...

 

Also Read:- പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്...

Follow Us:
Download App:
  • android
  • ios