കൊവിഡ് കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ആരോഗ്യപ്രശ്‌നമായിരുന്നു രോഗ പ്രതിരോധശേഷി അഥവാ 'ഇമ്മ്യൂണിറ്റി'. പ്രതിരോധ ശേഷി കുറവുള്ളവരിലേക്ക് എളുപ്പത്തില്‍ വൈറസ് കയറിക്കൂടുമെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരോഗ്യ വിദഗ്ധര്‍ പങ്കുവച്ചിരുന്നു. 

അതിനാല്‍ത്തന്നെ, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ക്ക് ഈ കൊവിഡ് കാലത്ത് വലിയ പ്രാധാന്യവും വന്നു. ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങി വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ക്കാണ് അധികവും 'ഡിമാന്‍ഡ്' നേരിട്ടത്. 

'ഇമ്മ്യൂണിറ്റി' വര്‍ധിപ്പിക്കാന്‍ ഓറഞ്ച് ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു 'സ്‌പെഷ്യല്‍' ഷേക്കിനെ കുറിച്ചാണ് ഇനി പറയുന്നത്. ഓറഞ്ച് മാത്രമല്ല, ഇഞ്ചി, ക്യാരറ്റ്, യോഗര്‍ട്ട്, എള്ള്, ഈന്തപ്പഴം തുടങ്ങി ആരോഗ്യത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും ഒത്തുചേരുന്നൊരു പാനീയമാണിത്. 

ഒരു ക്യാരറ്റ് തൊലി കളഞ്ഞുവച്ചത്, രണ്ട് ഓറഞ്ചിന്റെ അല്ലികള്‍ കുരു നീക്കം ചെയ്തത്, ഒരു ടീസ്പൂണ്‍ എള്ള്, ഒന്നരക്കപ്പ് യോഗര്‍ട്ട്, മൂന്നോ നാലോ ഈന്തപ്പഴം, അര ടീസ്പൂണോളം കറുവാപ്പട്ടയുടെ പൊടി, അര ടേബിള്‍ സ്പൂണ്‍ ഇഞ്ചി (ഗ്രേറ്റ് ചെയ്തത്), അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയാണ് ഈ 'സ്‌പെഷ്യല്‍' ഷേക്കിന് ആവശ്യമായ ചേരുവകള്‍. 

ഇനി ഈ ചേരുവകളെല്ലാം ഒന്നിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കാം. നന്നായി അടിച്ച ശേഷം അരിക്കാതെ തന്നെ ഉപയോഗിക്കണം. 'ഇമ്മ്യൂണിറ്റി' ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി കഴിക്കാവുന്ന ഒന്നാണിത്. ഇത് കഴിക്കുകയാണെങ്കില്‍ പ്രത്യേകിച്ച് മറ്റൊന്നും തന്നെ 'ഇമ്മ്യൂണിറ്റി'ക്ക് വേണ്ടി ഡയറ്റിലുള്‍പ്പെടുത്തേണ്ടതുമില്ല.

Also Read:- പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ സ്മൂത്തി...