സ്ട്രീറ്റ് ഫുഡുകളുടെ കാര്യത്തില്‍ സമ്പന്നമാണ് ഇന്ത്യ. മധ്യവര്‍ഗ വിഭാഗങ്ങള്‍ കൂടുതലുള്ള രാജ്യമെന്ന നിലയ്ക്ക് തുച്ഛമായ വിലയില്‍ തെരുവുകളിലും വഴിയോരങ്ങളിലും ഇവിടെ 'റെഡി ടു ഈറ്റ്' രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ എപ്പോഴും ലഭ്യമായിരിക്കും. സ്ട്രീറ്റ് ഫുഡ് ഇത്തരത്തില്‍ ഒരു ഭക്ഷണസംസ്‌കാരം തന്നെയാണ് നമ്മുടെ നാട്ടില്‍. 

പേരുകേട്ട പല സ്ട്രീറ്റ് ഫുഡുകളും നമുക്കറിയാം. ദില്ലിയിലെ ചാട്ടുകള്‍, മുംബൈയിലെ വട പാവ്... അങ്ങനെ അറിയപ്പെടുന്ന സ്ട്രീറ്റ് ഫുഡ് രുചികള്‍ ഒട്ടേറെയാണ്. എന്നാല്‍ ഇതിനിടെ അറിയപ്പെടാത്ത എത്രയോ രുചിഭേദങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ട്. അത്തരത്തിലൊരു വിഭവത്തെ പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ലോഗറായ അമര്‍ സിരോഹി. 

ഉത്തര്‍പ്രദേശില്‍ നിന്നാണ് അമര്‍, വ്യത്യസ്തമായ ഈ സ്ട്രീറ്റ് ഫുഡ് കണ്ടെത്തിയിരിക്കുന്നത്. പ്രാദേശികമായ സ്റ്റൈലിലുള്ള വമ്പന്‍ അടുപ്പിന് മുകളില്‍ പ്രത്യേകമായി സജ്ജീകരിച്ച ചട്ടി. അതിനകത്ത് നിറയെ മണല്‍ ആണ് കാണാനാവുക. അടുപ്പിലെ തീച്ചൂടില്‍ കിടന്ന് പൊരിയുന്ന മണലിലേക്ക് പിന്നീട് ഉരുളക്കിഴങ്ങുകള്‍ തൊലിയോടെ ചേര്‍ക്കും. 

എന്നിട്ട് തിളയ്ക്കുന്ന മണലില്‍ ഇരുപത് മിനുറ്റോളം ഉരുളക്കിഴങ്ങ് ഇളക്കിയിളക്കി ചുട്ടെടുക്കുന്നതാണ് സംഗതി. 'ബുനാ ആലൂ' എന്നാണ് ഈ വിഭവത്തിന്റെ പേര്. വ്യത്യസ്തമായ രീതിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ തന്നെ ഈ ഉരുളക്കിഴങ്ങിന്റെ രുചിയും സവിശേഷമാണെന്നാണ് അമര്‍ അവകാശപ്പെടുന്നത്. തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന ചട്ണി, 'സ്‌പെഷ്യല്‍' മസാല, ബട്ടര്‍ എന്നിവയാണ് ഇതിന്റെ കോമ്പിനേഷന്‍. 

എന്തായാലും അധികമാരും കേട്ടിട്ടില്ലാത്ത ഈ വ്യത്യസ്തമായ ഉരുളക്കിഴങ്ങ് വിഭവം ചുരുങ്ങിയ സമയത്തിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്. അമറിന്റെ വീഡിയോയും വ്യാപകമായാണ് പങ്കുവയ്ക്കപ്പെടുന്നത്. ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളെ ഏറെ പുതുമയുള്ളൊരു വീഡിയോ തന്നെയായിരുന്നു ഇതെന്ന് നിസംശയം പറയാം. 

വീഡിയോ കാണാം...
 

Also Read:- സംസ്കരിച്ച മാംസം പതിവായി കഴിക്കാറുണ്ടോ...? പുതിയ പഠനം പറയുന്നത്...